തൃശൂർ: പുലികളിക്കിടെ ഇരട്ട പുലിക്കുട്ടികളായി നധാൻ ശിവയും നിധാൻ ശിവയും ചുവടുവച്ചു. ചായം പൂശി താളം പിടിച്ച് പുലികളായപ്പോൾ ഇരുവരുടെയും വർഷങ്ങൾ നീണ്ട ആഗ്രഹം കൂടിയാണ് പൂവണിഞ്ഞത്. കുടമാളൂർ ഗവ. എച്ച്.എസ്.എസിലെ അഞ്ചാം ക്‌ളാസുകാരായ ഇരുവരും ശങ്കരൻ കുളങ്ങര ദേശത്തെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്.
എം ഫോർ ടെക് യൂട്യൂബ് ചാനലുടമയായ ജിയോ പുലിവേഷം കെട്ടിയത് മുതലാണ് ഇരുവരുടെയും മനസിൽ ആഗ്രഹം തുള്ളിത്തുടങ്ങിയത്. പിന്നീട് അതിനായുള്ള തയ്യാറെടുപ്പുകളായി. കോട്ടയം സപ്‌ളൈകോയിലെ ജീവനക്കാരൻ കുടമാളൂർ കൈലാസത്തിൽ ഉണ്ണി ദിവാകർ, മക്കളുടെ ആഗ്രഹത്തിന് കുടചൂടി. ദേശക്കാരോട് കുട്ടികളുടെ ആഗ്രഹം പറഞ്ഞു. അവർ ഒപ്പം കൂട്ടി. വീട്ടുകാർക്കൊപ്പം തൃശൂരെത്തിയ ഇരുവരും ഉണ്ണിവയറിളക്കി, കൈകൾ ചലിപ്പിച്ച് പുലിക്കൂട്ടത്തിനൊപ്പമിറങ്ങി.