കൊടുങ്ങല്ലൂർ : റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കരാറുകാരന്റെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം. കഴിഞ്ഞ 11ന് പുല്ലൂറ്റ് ചാപ്പാറയിൽ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന പുല്ലൂറ്റ് പള്ളത്തുകാട് സ്വദേശി കുഴിക്കണ്ടത്തിൽ ഹസ്സൻ മകൻ സഗീർ (50) ഇന്നലെയാണ് മരിച്ചത്. പരിക്കേറ്റ നാൾ മുതൽ ഇയാൾ തൃശൂർ മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു.
അധികൃതരുടെ അനാസ്ഥ മൂലമാണ് അപകടമെന്ന് കോൺഗ്രസ് ആരോപിച്ചു. ഈ റോഡ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ യു.ഡി.എഫും മർച്ചന്റ്‌സ് അസോസിയേഷനും റസിഡന്റ് അസോസിയേഷനുകളും നടത്തിയിരുന്നു. ഏറ്റവുമൊടുവിൽ ഇതേ ആവശ്യവുമായി എം.എൽ.എയുടെ വസതിയിലേക്ക് യു.ഡി.എഫ് മാർച്ചും ധർണയും നടത്തിയിരുന്നു. എന്നിട്ടും അധികൃതർ അനങ്ങാപ്പാറ നയം പിന്തുടരുകയായിരുന്നു. ഇതിനിടയിലാണ് സഗീർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നതും മരിക്കുന്നതും. സഗീറിന്റെ കുടുംബത്തിന് ധനസഹായം നൽകണമെന്നും അപകടത്തിന് കാരണഭൂതനായ റോഡ് കരാറുകാരനെതിരെ കേസെടുക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ, മണ്ഡലം പ്രസിഡന്റ് പി.വി. രമണൻ എന്നിവർ ആവശ്യപ്പെട്ടു.