വടക്കാഞ്ചേരി: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തപ്പോൾ വടക്കാഞ്ചേരിക്ക് ഇത് രണ്ടാം സൗഭാഗ്യം. പനങ്ങാട്ടുകര പള്ളിശ്ശേരി മനയിലെ മധുസൂദനൻ നമ്പൂതിരിയുടെ പിന്തുടർച്ചയായാണ് വേലൂർ വെള്ളറക്കാട് സ്വദേശി ശ്രീജിത്ത് നമ്പൂതിരി മേൽശാന്തിയായി ഗുരുവായൂരിലെത്തുന്നത്. രണ്ടാമൂഴകാരായിട്ടാണ് മധുസൂദനൻ നമ്പൂതിരി കാലാവധി പൂർത്തിയാക്കുന്നത്. ശ്രീജിത്ത് നമ്പൂതിരി ആദ്യ ഊഴകാരനാണ്. വേലൂർ വെള്ളറക്കാട് പുതുമനയിൽ പരമേശ്വരൻ നമ്പൂതിരിയുടേയും ആലമ്പിള്ളി സാവിത്രി അന്തർജനത്തിന്റേയും മകനാണ് ശ്രീജിത്ത് നമ്പൂതിരി. കിണറ്റാമിറ്റം മനയിലെ കൃഷ്ണശ്രീയാണ് ഭാര്യ. 16 വർഷമായി വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ബി.കോം ബിരുദധാരിയായ 36കാരൻ. മേൽശാന്തിയാകുന്നതിന് എട്ടാം തവണയാണ് ശ്രീജിത്ത് നമ്പൂതിരി അപേക്ഷ നൽകുന്നത്. ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്.