ചാലക്കുടി: ഒരു വർഷം മുൻപ് നിർമ്മാണം പൂർത്തിയായ പ്രവൃത്തികൾക്ക് ചെലവായ തുകയുടെ ബില്ല് മാറി ലഭിച്ചിട്ടില്ലെന്ന് കരാറുകാർ. ജൽ ജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അവലോകന യോഗത്തിലാണ് കരാറുകാർ അറിയിച്ചത്. നിലവിൽ പുതിയ പൈപ്പിടലും റോഡ് പൂർവ്വസ്ഥിതിയിലാക്കലും മന്ദഗതിയിലാകാൻ ഇതാണ് കാരണം.
റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ മുൻകൂർ കെട്ടിവയ്‌ക്കേണ്ട കോടിക്കണക്കിന് രൂപ സർക്കാരിൽ നിന്നും ലഭ്യമാകാത്തതിനാൽ മണ്ഡലത്തിൽ കെ.ആർ.എഫ്.ബിയുടെ കൈവശമുള്ള പല റോഡുകളിലും പൈപ്പിടാൻ സാധിക്കുന്നില്ലെന്നും എം.എൽ.എ വ്യക്താക്കി. ആദിവാസി ഊരുകളിൽ പദ്ധതി നിർവഹണം എത്രയും വേഗം പൂർത്തീകരിച്ച് ജലവിതരണം ആരംഭിക്കണമെന്ന് എം.എൽ.എ യോഗത്തിൽ നിർദേശിച്ചു. പൈപ്പിടൽ തുടരുമെന്നും മൺസൂൺ കാലം കഴിയുന്നതോടെ പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കുമെന്നും പ്രവൃത്തികൾ പുനരാരംഭിയ്ക്കുമെന്നും കരാറുകാർ ഉറപ്പ് നൽകി .
പദ്ധതിയുടെ നടത്തിപ്പിന് കെ.ആർ.എഫ്.ബി, പൊതുമരാമത്ത് റോഡ് വിഭാഗം,ജലഅതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ച് ചേർക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.പി.ജെയിംസ്, മായാ ശിവദാസ് , അമ്പിളി സോമൻ, പി.എ.സുമ , ബോബൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.