തൃശൂർ: പൂരനഗരിയിലെത്തിയ പുലികൾ പുപ്പുലികളായി പുരുഷാരത്തിന് കാഴ്ചവിരുന്നൊരുക്കി. ഓണാഘോഷത്തിന് സമാപനം കുറിച്ച് നടന്ന പുലികളി കാണാനെത്തി ആയിരങ്ങൾ കണ്ണും മനവും നിറച്ചു. സീതാറാം മിൽ ദേശം, ശങ്കരംകുളങ്ങര ദേശം, കാനാട്ടുകര ദേശം, ചക്കാമുക്ക് ദേശം, പാട്ടുരായ്ക്കൽ ദേശം, വിയ്യൂർ ദേശം, വിയ്യൂർ യുവജന സമാജം എന്നിങ്ങനെ ഏഴ് സംഘങ്ങളാണ് വർണാഭമായ പുലികളിയിൽ പങ്കെടുത്തത്.
ഇന്നലെ ഉച്ചയ്ക്കുശേഷം ശക്തന്റെ നാട്ടിടവഴികളിലൂടെ വടക്കുന്നാഥന്റെ പ്രദക്ഷിണവഴിയിലെത്തിയ പുലിക്കൂട്ടങ്ങൾ താളത്തിനൊപ്പം ചുവടുവച്ചു. പെൺപുലികൾ, കരിമ്പുലികൾ, വരയൻപുലികൾ, കുട്ടിപ്പുലികൾ എന്നിവരെല്ലാം താളഭംഗിയോടെ ചുവടുവച്ച് നീങ്ങിയപ്പോൾ ആർത്തിരമ്പിയെത്തിയ ജനക്കൂട്ടവും ഒപ്പം കൂടി. ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച പുലിയൊരുക്കം ഉച്ചയോടെയാണ് മടകളിൽ പൂർത്തിയായത്.
മുഖം മൂടി ധരിച്ച്, അരമണി കിലുക്കി പുലിസംഘങ്ങൾ മൂന്നോടെയാണ് ശക്തന്റെ തട്ടകം ലക്ഷ്യമാക്കി പുറപ്പെട്ടത്. ഒപ്പം അകമ്പടിയായി നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഷൊർണൂർ റോഡ് വഴി പാട്ടുരായ്ക്കൽ ദേശം സ്വരാജ് റൗണ്ടിലേക്ക് ആദ്യം പ്രവേശിച്ചതോടെ ആർപ്പുവിളികളോടെ പതിനായിരങ്ങൾ വരവേറ്റു. ഈസമയം ബിനി സ്റ്റോപ്പ് വഴിയും നടുവിലാൽ വഴിയും രണ്ട് സംഘങ്ങൾ കൂടി നഗരത്തിലെത്തി. പിന്നാലെ ഊഴമനുസരിച്ച് മറ്റ് സംഘങ്ങളും സ്വരാജ് റൗണ്ടിലെത്തിയതോടെ മതിവരാക്കാഴ്ചകൾ നിറഞ്ഞാടി.
അസുരവാദ്യത്തിന്റെ താളത്തിനൊത്ത് മണിക്കൂറുകളോളം പതിനായിരങ്ങളെ ആഹ്‌ളാദ തിമർപ്പിലാക്കിയ ശേഷമാണ് പുലികൾ മടകളിലേക്ക് മടങ്ങിയത്. മന്ത്രി കെ. രാജൻ ഫ്‌ളാഗ് ഒഫ് ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ ജി.ആർ. അനിൽ, ഡോ. ആർ. ബിന്ദു, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ, ശോഭന ജോർജ്, കളക്ടർ അർജൂൻ പാണ്ഡ്യൻ, വി.എസ്. സുനിൽ കുമാർ, കോർപറേഷൻ കൗൺസിലർമാർ എന്നിവർ പുലിക്കളിക്ക് എത്തിയിരുന്നു.
കളം നിറഞ്ഞ് കുട്ടിപ്പുലികൾ
സീതാറാം മിൽ ഒഴികെയുള്ള എല്ലാ സംഘങ്ങളും കുട്ടിപ്പുലികളുമായാണ് എത്തിയത്. നാലാം ക്ലാസുകാരൻ ഉൾപ്പെടെ പുലിയായി. പാട്ടുരായ്ക്കൽ ദേശത്തെ പുലിമടയിലെത്തി കുട്ടിപ്പുലിക്കൾക്ക് മന്ത്രി ആർ. ബിന്ദുവും മെയ്യെഴുത്ത് നടത്തി പുലിയൊരുക്കത്തിൽ പങ്കാളിയായി.
കുറവില്ല, പെൺപുലികൾ
പെൺപുലികൾ ഇക്കുറിയും പുലികളിയുടെ ഭാഗമായി. സീതാറാം മിൽ ദേശത്തിനായി സഹോദരങ്ങളായ നിമിഷ, അനിഷ, വിയ്യൂർ ദേശത്തിന് കുണ്ടുക്കാട് സ്വദേശിനി ഗീത, ഗുരുവായൂർ സ്വദേശിനി ഹരിത, തളിക്കുളം സ്വദേശിനി താര, ചക്കാമുക്കിന് ഒല്ലൂർ സ്വദേശിനി പ്രിയ എന്നിവർ പുലികളായി.
മനം നിറച്ച് നിശ്ചല ദൃശ്യങ്ങൾ
നവലോക സന്ദേശം പകർന്ന നിശ്ചലദൃശ്യങ്ങൾ പുലികളിക്കെത്തിയവരുടെ മനം കവർന്നു. വയനാട് ദുരന്തത്തിനിടെ കാട്ടാനയുടെ ഒപ്പം ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടേണ്ടിവന്ന ഒരു കുടുംബത്തിന്റെ ദൃശ്യങ്ങൾ കരളലിയിക്കുന്നതായിരുന്നു. കോയമ്പത്തൂർ ഇഷ സെന്ററിലെ ആദിയോഗിയും പുരാണ ദൃശ്യങ്ങളും നവ്യാനുഭവങ്ങളായി.
നിറഞ്ഞ് കവിഞ്ഞ് പുരുഷാരം
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ഓണഘോഷ പരിപാടികൾ ഇല്ലാതായതോടെ പുലികളി കാണാൻ ഒഴുകിയെത്തിയത് വൻജനക്കൂട്ടം. ഉച്ചമുതൽക്കേ സ്വരാജ് റൗണ്ടിലേക്ക് ജനം എത്തിത്തുടങ്ങിയിരുന്നു. പുലിമടകളിൽ നിന്ന് സംഘങ്ങൾ പുറത്തിറങ്ങിയതോടെ ഒഴുക്ക് വർദ്ധിച്ചു. ആദ്യ ടീം സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചതോടെ പ്രദക്ഷിണവഴിക്ക് ചുറ്റും ജനം നിറഞ്ഞു. നഗരത്തിൽ ഉച്ചകഴിഞ്ഞതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.