1

തൃശൂർ: കാടിന്റെ മൂല്യം ബോദ്ധ്യപ്പെടുത്താൻ ഒരു ഹെക്ടർ സ്ഥലത്തെ വായു, വെള്ളം, തടി, മണ്ണൊലിപ്പും കൊടുങ്കാറ്റും മറ്റും തടയുന്നതിൽ കാട് വഹിക്കുന്ന പങ്ക് എന്നീ സേവനങ്ങളുടെ കണക്ക് വിപണി വിലയിൽ തയ്യാറാക്കി തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ്. പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഇന്ത്യൻ കറൻസിയിലാണ് മൂല്യം രേഖപ്പെടുത്തിയത്.

ഇപ്രകാരം കൊടുങ്കാറ്റ് തടയാനുള്ള പങ്ക് വഹിക്കുന്നതിലൂടെയും മണ്ണിന്റെ ഫലഭൂയിഷ്ഠത ഉറപ്പാക്കുന്നതിലൂടെയും കോടികളുടെ സേവനമാണ് ഒരു ഹെക്ടർ കാട് നിർവഹിക്കുന്നത്.

തിരുവനന്തപുരത്തെ വനമേഖലയെ വിവിധ വിഭാഗങ്ങളാക്കി തിരിച്ചായിരുന്നു കണക്കെടുപ്പ്. ഇത്തരത്തിൽ കൃഷി, വ്യാവസായികാവശ്യത്തിനുള്ള വെള്ളം, തടിയുടെ വിവിധ ഉപയോഗം, ജലസംരക്ഷണം, ജലശുദ്ധീകരണം, കാർബൺ വേർതിരിക്കൽ, മലിനീകരണ നിയന്ത്രണം തുടങ്ങിയവയും പരിഗണിച്ചു.

ജീനുകളുടെ സംരക്ഷണം, പരാഗണം, ജൈവിക നിയന്ത്രണം തുടങ്ങിയവയിലെ സേവനവും കണക്കിലെടുത്തു. ഇത് കൂടാതെ വെള്ളം, വായു ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിയും പരിസ്ഥിതി സന്തുലനം ഉറപ്പാക്കിയും കാട് നിരവധി സേവനങ്ങൾ ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ ആകെ വനവിസ്തൃതിയായ 11,521.814 ചതുരശ്ര കിലോമീറ്റർ (1152181.4 ഹെക്ടർ) കൂടി പരിഗണിച്ചാൽ അമൂല്യമാണ് നമ്മുടെ വനസമ്പത്തെന്നാണ് വിനോദ് പറയുന്നത്.

അമൂല്യം ഈ കാട്

(കേരളത്തിൽ)

ആകെ വനവിസ്തൃതി 1152181.4 ഹെക്ടർ

മൊത്തം ഭൂവിസ്തൃതിയുടെ 29.10 ശതമാനം

സേവനങ്ങളുടെ മൂല്യം ഇങ്ങനെ

(ഓരോ ഹെക്ടറിലും. തുക കോടിയിൽ)

കൃഷിക്കുള്ള ജലം..... 626.4

ഇന്ധനം, തീറ്റ..... 467.3

തടി..... 821

മഴക്കെടുതി തടയൽ..... 400.9

ജലസംഭരണം..... 1901.9

പരാഗണ മൂല്യം..... 535.2

വെള്ളം, വായു ഉൾപ്പെടെയുള്ളവയുടെ വില കണക്കാക്കാനാവില്ല. എങ്കിലും പരിസ്ഥിതി പ്രാധാന്യം ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പഠനം.

- എസ്.വി. വിനോദ് (വൈൽഡ് ലൈഫ് വാർഡൻ, തിരുവനന്തപുരം)