
തൃശൂർ: ടാസ് നാടകോത്സവം 21 മുതൽ ഒക്‌ടോബർ ഒന്ന് വരെ തൃശൂർ ടൗൺഹാളിൽ നടക്കും. ആദ്യ ദിവസം കൊല്ലം ആവിഷ്‌കാരയുടെ സൈക്കിൾ എന്ന നാടകം അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ ആറ്റിങ്ങൽ ശ്രീധന്യയുടെ അപ്പ, കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം, തിരുവനന്തപുരം നവോദയ അവതരിപ്പിക്കുന്ന കലുങ്ക്, കടയ്ക്കാവൂർ എസ്.എസ് നടന സഭയുടെ റിപ്പോർട്ട് 79, തിരുവനന്തപുരം ശ്രീനന്ദയുടെ യാനം, കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ്, പത്തനാപുരം ഗാന്ധിഭവൻ തിയേറ്റേഴ്‌സിന്റെ യാത്ര, തിരുവനന്തപുരം അക്ഷരകലയുടെ ഹൃദ്യനിലാവ് , അവസാന ദിവസം അമ്പലപ്പുഴ അക്ഷരജ്വാലയുടെ അനന്തരം എന്ന നാടകവും അരങ്ങേറും. എല്ലാ ദിവസവും വൈകീട്ട് നാടക, കലാ, കായിക സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കും. ഏറ്റവും മികച്ച നാടകത്തെ ഗ്യാലപ്പ് പോളിലൂടെയാണ് തെരഞ്ഞെടുക്കുക. സമാപന ദിവസം ഡിവൈൻ മെലഡിയസിന്റെ സംഗീത വിരുന്നും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ ഡോ.എ.സി.ജോസ്, ജോ. കൺവീനർ ഷാജു ചിരിയങ്കണ്ടത്ത്, ഒ.ജെ.ജോസ്, കെ.ഗിരീഷ് കുമാർ, ജോസ് കോട്ടാപറമ്പിൽ എന്നിവരും പങ്കെടുത്തു.