പാവറട്ടി: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ പുതുമനശ്ശേരി പണിക്കവീട്ടിൽ കമറുദ്ദീന് യാത്രാമൊഴി. ഏഴടി രണ്ടിഞ്ച് ഉയരമാണ് കമറുനെ ഉയരം കൂടിയ മനുഷ്യൻ എന്ന സ്ഥാനം നേടി കൊടുത്തത്. തമിഴ്,മലയാളം, കന്നട ഉൾപ്പെടെ 22 ലധികം ചലച്ചിത്രങ്ങളിലാണ് കമറു അഭിനയിച്ചത്. എന്നാൽ സാമ്പത്തിക നിലവാരത്തിൽ അദ്ദേഹം എന്നും പിറകിലായിരുന്നു. പലപ്പോഴും തന്റെ ഉയരം തനിക്ക് ഏറെ ബുദ്ധിമുട്ടുകൾ സമ്മാനിച്ചെങ്കിലും ഭാര്യയും രണ്ടു പെൺമക്കളും അടങ്ങിയ കുടുംബത്തെ സംരക്ഷിക്കാൻ തട്ടുകടയും ലോട്ടറി വിൽപ്പനയും സെക്യൂരി ജോലിയും ചെയ്തിരുന്നു കമറു. തുടർന്ന് അസുഖം പിടിമുറിക്കിയപ്പോൾ ജോലി ഉപേക്ഷിക്കേണ്ടി വന്നു. മഴയത്ത് ചോർന്നൊലിക്കുന്ന ഓടിട്ട വീട്ടിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. മദിരാശിയിലെ കോടമ്പക്കത്ത് താമസിച്ചിരുന്ന സമയത്ത് തന്റെ ഉയരം കണ്ട് നടൻ കമലഹാസനാണ് ഉയർന്ത ഉള്ളം എന്ന സിനിമയിൽ അഭിനയിപ്പിച്ചത്. പിന്നീട് നടൻ രജനികാന്തിനോടൊപ്പം പണക്കാരൻ സിനിമയിലും അഭിനയിച്ചു. കെ.എസ്. ഗോപാലകൃഷ്ണന്റെ കിരാതം തുടങ്ങി 22 ലധികം സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു. അവസാനമായി വിനയന്റെ അത്ഭുത വിളക്കിലാണ് അഭിനയിച്ചത്.