
ഇരിങ്ങാലക്കുട: ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾ നിക്ഷേപിച്ച 60 ലക്ഷത്തോളം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന് മാപ്രാണം സ്വദേശി ജോഷി കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ വസ്ത്രം ഊരി പ്രതിഷേധിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ് ജോഷി പണം ആവശ്യപ്പെട്ട് കരുവന്നൂർ ബാങ്കിന്റെ ഹെഡ് ഓഫീസിലെത്തിയത്.
ജോഷിയുടെ പേരിലുണ്ടായിരുന്ന 28 ലക്ഷത്തോളം രൂപ മാസങ്ങൾക്ക് മുൻപ് ചികിത്സാവശ്യങ്ങൾക്കായി നിരവധി സമരങ്ങളുടെ ഭാഗമായി ബാങ്ക് തിരികെ നൽകിയിരുന്നു.
ഇന്നലെ കരുവന്നൂർ ബാങ്കിന്റെ സി.ഇ.ഒ കെ.ആർ.രാകേഷ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്, മോഹൻദാസ് എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ബന്ധുക്കളുടെ പേരിലുള്ള 60 ലക്ഷത്തോളം രൂപ ഒരുമിച്ച് നൽകാൻ സാധിക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി.
ഇതോടെയാണ് ജോഷി മേൽവസ്ത്രം ഊരി പ്രതിഷേധിച്ചത്. ഗാന്ധിജിയുടെ സമരമാർഗമാണ് തിരഞ്ഞെടുത്തതെന്നും മന്ത്രിമാരായ ബിന്ദുവിനും വാസവനും കത്തയച്ചിട്ടും നടപടിയുണ്ടായില്ലെന്നും ജോഷി പറഞ്ഞു. മുൻപ് ദയാവധം ആവശ്യപ്പെട്ടും ജോഷി കത്ത് നൽകിയിരുന്നു. ജോഷിയുടെ ഭാര്യ, ഭാര്യാ മാതാവ്, സഹോദരി, സഹോദരിയുടെ മകൾ എന്നിവരുടെ പേരിലുള്ള 60 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളത്.
പൾസർ സുനി
ജാമ്യാപേക്ഷ നൽകി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജാമ്യത്തിനായി വിചാരണക്കോടതിയിൽ അപേക്ഷ നൽകി. സുപ്രീംകോടതി നിർദ്ദേശപ്രകാരം സുനി സമർപ്പിച്ച അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. കോടതി ജാമ്യവ്യവസ്ഥകൾ നിശ്ചയിക്കുന്നതോടെ എറണാകുളം സബ് ജയിലിൽ നിന്ന് സുനിക്ക് പുറത്തിറങ്ങാം. സുനി ഏഴര വർഷമായി വിചാരണത്തടവിലാണ്. നടിയെ ആക്രമിച്ച കേസിൽ മൂന്നു മാസത്തിനകം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിപറയും.
വീട്ടമ്മയെ കാർ കയറ്റി കൊലപ്പെടുത്തിയ
കേസ്: കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
കൊല്ലം: മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം കാർ കയറ്റിക്കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാനുള്ള പൊലീസിന്റെ അപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ആർ.നവീൻ ഇന്ന് പരിഗണിക്കും. റിമാൻഡിലുള്ള പ്രതികളായ മുഹമ്മദ് അജ്മൽ,ഡോ.ശ്രീക്കുട്ടി എന്നിവരെ ഇന്ന് ഹാജരാക്കാൻ ജയിൽ അധികൃതരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ശാസ്താംകോട്ട പൊലീസ് നൽകിയിരിക്കുന്നത്. കസ്റ്റഡിയിൽ ലഭിച്ചാൽ പ്രതികളെ ചോദ്യം ചെയ്യുന്നതിനൊപ്പം സംഭവം നടന്ന മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷൻ,പ്രതികൾ മദ്യപിച്ചെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുള്ള മൈനാഗപ്പള്ളിയിലെ മൈതാനം,രക്ഷപ്പെടാൻ സഞ്ചരിച്ച സ്ഥലങ്ങൾ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതേസമയം ഡോ.ശ്രീക്കുട്ടി വാടകയ്ക്ക് താമസിച്ചിരുന്ന കരുനാഗപ്പള്ളിയിലെ വീട്ടിലും പ്രതികൾ ഇടയ്ക്ക് തങ്ങിയിട്ടുള്ള കരുനാഗപ്പള്ളിയിലെ ഹോട്ടൽമുറിയിലും പൊലീസ് ഇന്നലെ പരിശോധന നടത്തി.
തിരുവോണ ദിവസം വൈകിട്ടാണ് മുഹമ്മദ് അജ്മൽ സ്കൂട്ടർ യാത്രക്കാരിയായ മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയത്.
ഹേമ റിപ്പോർട്ട്:പോക്സോ
മൊഴികളിൽകേസെടുക്കും
തിരുവനന്തപുരം: സിനിമയിലെ ലൈംഗിക അതിക്രമങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പോക്സോ കുറ്റകൃത്യങ്ങളിൽ പൊലീസ് സ്വമേധയാ കേസെടുത്തേക്കും.
ഇത്തരം ഒന്നോ രണ്ടോ സംഭവങ്ങളാണ് റിപ്പോർട്ടിലുള്ളത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന മൊഴിയിൽ ലോക്കൽ സ്റ്റേഷനുകളിൽ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഇരകളുടെ മൊഴി വീണ്ടുമെടുക്കില്ല.
റിപ്പോർട്ടിലെ ഇരുപതോളം ലൈംഗിക അതിക്രമ മൊഴികൾ ഗുരുതരമാണ്. ഈ മൊഴികൾ നൽകിയവരിൽ നിന്ന് പൊലീസ് വിവരം തേടും. മൊഴിയിൽ ഉറച്ചുനിന്നാൽ കേസെടുക്കും. മൊഴിയെടുക്കാൻ കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തും. നേരത്തേ, പ്രമുഖ നടന്മാർക്കെതിരേ അടക്കം നടിമാരുടെ വെളിപ്പെടുത്തലിൽ 23 കേസുകളെടുത്തെങ്കിലും അവ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നില്ല.