1

തൃശൂർ: ഓണവിപണിയിൽ മൂന്ന് കോടിയിലേറെ വിറ്റുവരവ് നേടി തൃശൂർ കുടുംബശ്രീ. എല്ലാ സി.ഡി.എസുകളിലുമായി നടന്ന ഓണ വിപണന മേളയിൽ മികച്ച നേട്ടമാണ് കുടുംബശ്രീ കൈവരിച്ചത്. ജില്ലാതലത്തിൽ കളക്ടറേറ്റ് അങ്കണത്തിലും, നടത്തറ സി.ഡി.എസിലും കുടുംബശ്രീ ബസാറിലുമായി 186 ഓണവിപണന മേളകൾ നടന്നു. കുടുംബശ്രീയുടെ ബ്രാൻഡഡ് പ്രൊഡക്ടായ ഫ്രഷ് ബൈറ്റ്‌സിന്റെ ശർക്കരവരട്ടിയും കായ വറുത്തതും ബ്രാൻഡഡ് കറി പൗഡറുകൾ അടക്കം വിപണിയിൽ ശ്രദ്ധേയമായി. ഓണക്കനിയും നിറപ്പൊലിമയുമായി 2333.03 ഏക്കറിലായി കൃഷി ചെയ്ത വിവിധയിനം പച്ചക്കറികളും പൂക്കൃഷികളും ഓണവിപണനമേളയ്ക്ക് നിറപ്പകിട്ടേകി. 186 വിപണനമേളയിൽ 3,230 മൈക്രോ എന്റർപ്രൈസസും, 1951 ജെ.എൽ.ജികളും ചേർന്ന് നടത്തിയ വിൽപ്പനയിൽ 3.28കോടി രൂപ മൊത്തം കൈവരിച്ചു.