 
തൃശൂർ : സർവേ നടപടിക്ക് റെക്കാഡ് വേഗം. അതിർത്തി തിരിച്ച് കുറ്റിയടിച്ച് കല്ലിടാൻ കരിങ്കൽ കുറ്റികളും ഇറക്കി. എന്നിട്ടും ഭൂമി കിട്ടുമോയെന്ന് ഒളകരക്കാർക്ക് തെല്ലുമില്ല പ്രതീക്ഷ. ജില്ലാതലത്തിൽ നടപടി പൂർത്തിയാക്കി തുടർ നടപടികൾക്കായി സർക്കാരിലേക്ക് അയച്ചിട്ട് മാസങ്ങളായി. ആ ഫയൽ തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റിൽ മേശപ്പുറത്ത് ഉറങ്ങുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ഒളകരയിലെ 44 കുടുംബങ്ങൾക്ക് ഒന്നര ഏക്കർ ഭൂമി നൽകാൻ നടപടിയായെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ ഭൂമി നൽകാമെന്ന് വാഗ്ദാനവും നൽകി. എന്നാൽ തിരഞ്ഞെടുപ്പും അധികാരമേൽക്കലും കഴിഞ്ഞ് മാസങ്ങളായിട്ടും ഫയൽ അനങ്ങിയിട്ടില്ല. പട്ടിക വർഗ കമ്മിഷൻ അഡീഷണൽ സെക്രട്ടറിയുടെയും ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെയും തീരുമാനം ലഭിച്ചാലേ അടുത്ത നടപടിയിലേക്ക് നീങ്ങാനാകൂവെന്നാണ് അധികൃതരുടെ മറുപടി. ജില്ലയിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ജൂലായിലാണ് ഇരുവർക്കും ഫയൽ കൈമാറിയത്. ഒക്ടോബർ അഞ്ചിനാണ് സർവേ നടപടിയാരംഭിച്ചത്.
റെക്കാഡ് വേഗത്തിൽ പൂർത്തിയാക്കി. റവന്യൂ, വനം, പട്ടികജാതി - പട്ടികവർഗ വകുപ്പുകൾ സംയുക്തമായാണ് സർവേ നടത്തിയത്. ചുരുങ്ങിയ ദിവസം കൊണ്ട് പൂർത്തീകരിച്ചതിലൂടെ ഒളകര നിവാസികൾ പ്രതീക്ഷയുടെ കൊടുമുടിയിലായിരുന്നു. വർഷങ്ങൾ പഴക്കമുള്ള ആവശ്യത്തിൽ 2020ൽ വനഭൂമി നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. നിലവിൽ 2025 ആകുമ്പോഴേക്കും നടക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് ലഭിക്കുന്ന വിവരം.
ഉടക്ക് വനം വകുപ്പിന്റേത്
റവന്യൂ വിഭാഗത്തിന്റെയും മറ്റും നടപടികൾക്ക് തടസമില്ലെങ്കിലും ഭൂമി നൽകുന്നതിൽ ഇപ്പോഴും വനം വകുപ്പ് തടസം നിൽക്കുകയാണ്. ഇവർക്ക് ഭൂമി നൽകാനാകില്ലെന്ന നിലപാടിലാണ് ഇപ്പോഴും വനം വകുപ്പ്. ഇത് മറി കടക്കാൻ സർക്കാരിൽ നിന്ന് കർശന ഇടപെടലാവശ്യമാണ്. എന്നാൽ ഇക്കാര്യത്തിൽ ഒച്ചിന്റെ വേഗമാണ്. 44 കുടുംബങ്ങളിൽ 15 കുടുംബങ്ങൾക്ക് ഒരു സെന്റ് ഭൂമി പോലുമില്ല. രണ്ട് പതിറ്റാണ്ടിലേറെയായി സമരമുഖത്തായിരുന്നു ഒളകരക്കാർ. കോളനി നിവാസികൾക്ക് ഭൂമി വിതരണം ചെയ്യുന്നതോടെ വീടുകൾ, റോഡ്, കമ്മ്യൂണിറ്റി ഹാൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുള്ള പ്രവർത്തനവുമുണ്ടാകുമെന്ന വാഗ്ദാനവും പഴായി.
കുറ്റിയടിച്ച് സ്വപ്നങ്ങൾ
ആകെ അനുവദിച്ച ഭൂമി
66 ഏക്കർ
ആകെ കുടുംബങ്ങൾ
44
ഒരു കുടുംബത്തിന് വാഗ്ദാനം ചെയ്തത്
ഒന്നര ഏക്കർ വീതം