
കൊടുങ്ങല്ലൂർ : ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിന് നിയമനിർമ്മാണം നടത്താനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ശ്രമം ബഹുസ്വര രാജ്യത്ത് നിലകൊള്ളുന്ന ജനാധിപത്യ വ്യവസ്ഥയുടെ സർവനാശം ഉറപ്പാക്കുന്ന സംഘപരിവാർ അജണ്ടയാണെന്ന് ഗാന്ധിയൻ കളക്ടീവ് സംസ്ഥാന സമിതി യോഗം കുറ്റപ്പെടുത്തി.
രാജ്യം നേരിടുന്ന അടിസ്ഥാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ അടവാണിത്. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ സ്വാഭാവികമായും ഉയർന്നുവരേണ്ടത് പ്രാദേശിക വിഷയങ്ങളാണ്.
ഒറ്റത്തിരഞ്ഞെടുപ്പ് വഴി തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാമെന്നതും ജനാധിപത്യത്തിന്റെ കരുത്തും പങ്കാളിത്തവും വർദ്ധിപ്പിക്കാമെന്നതും അപ്രായോഗികമാണ്. തിരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാൻ ഇന്നത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ അടിസ്ഥാനപരമായ പൊളിച്ചെഴുത്താണ് വേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. ഇസാബിൻ അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. ഡോ.ബാബു ജോസഫ്, സണ്ണി പൈകട, ഇ.കെ.സോമൻ, അഡ്വ.ജോർജ്ജ് കുട്ടി കടപ്ലാക്കൽ, ജിയോ ജോസ്, എ.എസ്.ശ്യാംകുമാർ, ആദം അയ്യൂബ്, അഡ്വ.ജോൺ ജോസഫ്, അഡ്വ.വി.എം.മൈക്കിൾ, കബീർ ഹുസൈൻ, ഷാജി തുണ്ടത്തിൽ എന്നിവർ സംസാരിച്ചു.