ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ
ആമ്പല്ലൂർ: ദേശീയ പാത 544 ൽ ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ നിർമ്മാണം ആരംഭിക്കുന്ന അടിപ്പാതയ്ക്ക് 20 മീറ്റർ വീതിയും 5.5 മീറ്റർ ഉയരവും 1.3 കിലോമീറ്റർ നീളവും. അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും വ്യാപാരികൾക്കുമുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് കെ.കെ.രാമചന്ദ്രൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയപാത പ്രൊജക്റ്റ് ഡയറക്ടർ ടി.എ. അൻസിൽ ഹസ്സനാണ് അറിയിച്ചത്. പുതുക്കാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ബസ് ഓണേഴ്‌സ്, ഓട്ടോറിക്ഷാ തൊഴിലാളി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് ആവശ്യമായ ഗതാഗത ക്രമീകരണങ്ങൾ നിർദേശിക്കാനും തീരുമാനിച്ചു. യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രാജേശ്വരി, ടി.എസ് ബൈജു, അഡ്വ .അൽജോ പുളിക്കൻ, പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി സംഘടന പ്രതിനിധികൾ, ദേശീയ പാത പ്രോജക്ട് മാനേജർ ബി .ബിജുകുമാർ , കരാർ കമ്പനി പ്രതിനിധി മണിമാരൻ,സിമീഷ് സാഹു, എസ്.എച്ച് .ഒ.വി.സനീഷ് കുമാർ യോഗത്തിൽ പങ്കെടുത്തു.
ബുദ്ധിമുട്ടുകൾ പരിഹരിക്കും
നിർമ്മാണ കാലയളവിലുണ്ടാകുന്ന ഗതാഗത തടസം പരിഹരിച്ച് വേണ്ട സൗകര്യം ഒരുക്കും. വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കും. ബസ് സർവീസുകൾ സുഗമമായി നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും. സുരക്ഷാ നടപടികൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ ചർച്ച ചെയ്ത് പരിഹാരനിർദേശങ്ങളും നടപടികളും സ്വീകരിക്കുമെന്ന് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പുനൽകി.