ചാലക്കുടി: കഴിഞ്ഞ ദിവസം കൂടപ്പുഴയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മിഥുലിന്റെ ചികിത്സക്ക് പണം സ്വരൂപിക്കാൻ ഷാജി പാപ്പന്റെ തട്ടുകട നാളെ വീണ്ടും സജീവമാകും. അപകടത്തിന് ശേഷം രാജഗിരി ആശുപത്രിയിൽ നിരവധി ശസ്ത്ര ക്രിയകളും ഒരു മാസത്തിന് ശേഷം വീണ്ടും മേജർ ഓപ്പറേഷനും നടക്കാനിരിക്കെയാണ് നാളെ നാട് ഒന്നിക്കുന്നത്. ആന്തരാവയവങ്ങളുടെ മുറിവുകളടക്കം നിരവധി പരിക്കുകളുണ്ട്. കൊന്നക്കുഴിയിലെ നിർദ്ധനനായ പുത്തൻപുരക്കൽ ലാലന്റെ മകനാണ് മിഥുൽ. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന പുളിയിലപ്പാറയിലെ ഡെൽജോ മരിച്ചിരുന്നു. വെറ്റിലപ്പാറ പാലത്തിന് സമീപമുള്ള ഈ തട്ടുകട കേന്ദ്രീകരിച്ച് രണ്ടാഴ്ച മുമ്പ് ഗൃഹനാഥന്റെ ചികിത്സയ്ക്കും രംഗത്തെത്തിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ മറ്റൊന്നിന് തയ്യാറെടുക്കുമ്പോൾ ആശങ്കയുണ്ടെങ്കിലും വിനോദ സഞ്ചാരികളും നാട്ടുകാരും കനിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.