എറണാകുളം ഭാഗത്തേക്കുള്ളവർ അധികം സഞ്ചരിക്കേണ്ടത് 18 കി.മി.
ചാലക്കുടി: വന്യമൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസമാകുന്നുവെന്ന കാരണത്താൽ ഏഴാറ്റുമുഖം റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതോടെ അതിരപ്പിള്ളിയിൽ നിന്നും മടങ്ങുന്ന തെക്കൻ ജില്ലക്കാർക്ക് എട്ടിന്റെ പണി..! ചാലക്കുടി വഴി 18 കിലോമീറ്റർ അധികം സഞ്ചരിച്ചാൽ മാത്രമേ ലക്ഷ്യസ്ഥാനത്തേക്ക് എത്താനാകൂ. കൂടാതെ വെറ്റിലപ്പാറ - ചാലക്കുടി റോഡിൽ കുരുക്ക് മുറുകുകയും ചെയ്യും.
വൈകീട്ട് അഞ്ച് മുതൽ രാവിലെ ആറ് വരെയാണ് ഏഴാറ്റുമുഖം റോഡിലൂടെയുള്ള ഗതാഗതത്തിന് വനം പി.സി.കെ ഉദ്യോഗസ്ഥർ നിയന്ത്രണം ഏർപ്പെടുത്തിയത്. അതിരപ്പിള്ളിയിൽ നിന്നും എറണാകുളം ഭാഗത്തേക്കുള്ള സഞ്ചാരികൾക്കാണ് കൂടുതൽ ദുരിതം. ഒപ്പം അപകട സാദ്ധ്യതയുമുണ്ട്. മലയാറ്റൂർ ഡി.എഫ്.ഒ വിളിച്ച യോഗത്തിലാണ് നിയന്ത്രണം സംബന്ധിച്ച് തീരുമാനമുണ്ടായത്.
കാലടി പ്ലാന്റേഷൻ കോർപറേഷൻ പരിധിയിലെ റോഡിലൂടെ അനധികൃതമായി പെതുജനങ്ങൾ പ്രവേശിക്കുകയോ പ്ലാന്റേഷൻ ജീവനക്കാർ നേരിട്ട് പൊതുജനങ്ങളെ കൊണ്ടുവരുകയോ ചെയ്താൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുക്കും. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ള ഭാഗങ്ങളിൽ കൂടുതൽ വാച്ചർമാരെ നിയമിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കാൻ....
പൊതുജനങ്ങളുടെ വാഹനങ്ങൾക്ക് സമയം രേഖപ്പെടുത്തിയ സ്ലിപ്പ് നൽകും. വാഹനങ്ങളിലും സ്റ്റിക്കർ ഒട്ടിക്കണം.
വന്യ ജീവികളെ പ്രകോപിക്കുകയോടെ ചിത്രങ്ങൾ എടുക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കും. റോഡരികിൽ അനാവശ്യമായി വാഹനങ്ങൾ നിറുത്തിയിടരുത്.
ഒന്നര പതിറ്റാണ്ട് പഴക്കം
അങ്കമാലി, മഞ്ഞപ്ര ഭാഗങ്ങളിൽ നിന്നും ഏഴാറ്റുമുഖം റോഡിലൂടെ അതിരപ്പിള്ളിയിലേക്ക് പോകുന്ന വിനോദ സഞ്ചാര സമ്പ്രദായത്തിന് ഒന്നരപ്പതിറ്റാണ്ട് പഴക്കമുണ്ട്. ചാലക്കുടിപ്പുഴയ്ക്ക് കുറുകെ വെറ്റിലപ്പാറയിൽ പാലം നിർമ്മിക്കുമ്പോൾ തെക്കൻ ജില്ലക്കാരുടെ അതിരപ്പിള്ളി യാത്ര എളുപ്പമാക്കുകയായിരുന്നു ലക്ഷ്യം. പാലം വരുന്നതിന് മുൻപ് വെറ്റിലപ്പാറയിലെ ഫെറിയിൽ കൂടി വാഹനങ്ങൾ അതിരപ്പിള്ളി റോഡിൽ എത്തിച്ചിരുന്നു. ഏഴാറ്റുമുഖത്തെ പ്ലാന്റേഷൻ ചെക്ക് പോസ്റ്റിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരമാണ് കോർപറേഷൻ പരിധിയിലെ റോഡിലേക്ക്. ഇതുമൂലം 18 കിലോ മീറ്റർ ദൂരവും ലാഭിക്കാം.