1

തൃശൂർ: നാദസ്വര തകിൽ വാദ്യകലാ സംഘടനയുടെ സംസ്ഥാന സമ്മേളനവും പുരസ്‌കാര സമർപ്പണവും സമാദരണ സദസും നാളെ റീജ്യണൽ തിയറ്ററിൽ നടക്കും. നാദസ്വര വിദ്വാൻ പല്ലാവൂർ കൃഷ്ണൻകുട്ടിക്ക് ഗുരുശ്രേഷ്ഠ പുരസ്‌കാരവും നാദസ്വര വിദ്വാൻ കൊല്ലങ്കോട് ആർ. സുബ്രഹ്മണ്യന് നാദപുരസ്‌കാരവും തകിൽ വിദ്വാൻ പി. മനോജ് കുമാർ കോഴിക്കോടിന് ലയ പുരസ്‌കാരവും (5001 രൂപ വീതം) നാദസ്വര കലാകാരൻ വിഥുൻ സാഗർ പാലപ്പെട്ടിക്കും തകിൽ കലാകാരൻ രാഗേഷ്‌ പേരകത്തിനും യുവകലാകാര പ്രതിഭാ പുരസ്‌കാരവും (3001 രൂപ വീതം) സമ്മാനിക്കും. തകിൽ വിദ്വാൻ ഓച്ചിറ വി. ഭാസ്‌കരനെയും നാദസ്വര വിദ്വാൻ മരുത്തൂർവട്ടം ബാബുവിനെയും ആദരിക്കും. 1.30ന് മേയർ എം.കെ. വർഗീസ് സമാദരണ സദസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അജിത്ത്‌ പേരകം അദ്ധ്യക്ഷനാകും. നാലിന് വിശേഷാൽ നാദസ്വരകച്ചേരിയും അരങ്ങേറുമെന്ന് സെക്രട്ടറി സുധിൻ ശങ്കർ പൂത്തോൾ, വൈസ് പ്രസിഡന്റ് സുജേഷ് നമ്പഴിക്കാട്, ട്രഷറർ ഉണ്ണിക്കുട്ടൻ കോട്ടപ്പടി എന്നിവർ പറഞ്ഞു.