തൃശൂർ: സംസ്ഥാനത്തെ 71 മേഖലകളിൽ 25 സെന്റ് വരെ സൗജന്യ ഭൂമി തരം മാറ്റത്തിന് അർഹരായ മുഴുവൻ പേരുടെയും കേസെടുത്ത് കളക്ടർമാരുടെ നേതൃത്വത്തിൽ നടത്തുന്ന അദാലത്തിലൂടെ തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി കെ. രാജൻ. ഒല്ലൂർ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 26 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മൂന്നുവർഷക്കാലം സർക്കാർ പൂർത്തിയാക്കുമ്പോൾ തന്നെ 1,80,877 പട്ടയങ്ങളാണ് നൽകിയത്. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. പൊതുജനങ്ങൾക്ക് സേവനം സമയബന്ധിതമായും സങ്കീർണതകളില്ലാതെയും ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടാതെ റവന്യൂ, രജിസ്‌ട്രേഷൻ, സർവേ വകുപ്പുകളുടെ പോർട്ടലുകളെ ഏകീകരിച്ച് 'എന്റെ ഭൂമി' സംയോജിത ഡിജിറ്റൽ പോർട്ടൽ ഒക്ടോബറിൽ യാഥാർഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, വർഗീസ് കണ്ടംകുളത്തി, കരോളിൻ ജെറീഷ് പെരിഞ്ചേരി, നീതു ദിലീഷ്, തുടങ്ങിയവർ പങ്കെടുത്തു.
കോളനികൾ എന്നറിയപ്പെട്ടിരുന്ന വിവിധ ഉന്നതികളിലെ ഉടമസ്ഥാവകാശം രേഖപ്പെടുത്താൻ കഴിയാത്ത 30,000 പേരെ 2025ന് മുൻപ് മുമ്പ് ഭൂമിയുടെ അവകാശികൾ ആക്കുന്നതിന് നിയമനിർമാണം നടത്തുന്ന നടപടികളിലേക്ക് സർക്കാർ കടക്കുകയാണ്.
- കെ. രാജൻ, റവന്യൂ മന്ത്രി