തൃശൂർ: ഗുരു നിത്യചൈതന്യ യതി ഒരിക്കൽ വേലായുധൻ പണിക്കശേരിയുടെ ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിയപ്പോൾ ഗ്രന്ഥശേഖരം കണ്ട് അതിശയത്തോടെ പറഞ്ഞു: 'ഇതൊരു കൊച്ചു നളന്ദ സർവകലാശാലയെപ്പോലുണ്ടല്ലോ?'. അത് ജീവിതത്തിലെ വലിയ അംഗീകാരമായിരുന്നു അദ്ദേഹത്തിന്. തന്റെ വീടിന്റെ മതിലിൽ ആ ചരിത്രകാരൻ പിന്നീട് ഇങ്ങനെ കൊത്തിവെച്ചു, 'നളന്ദ' !.
വേലായുധൻ പണിക്കശേരി എഴുതിയതും വായിക്കുന്നതുമായ നൂറുകണക്കിന് ചരിത്രഗ്രന്ഥങ്ങൾ നളന്ദയിലുണ്ടായിരുന്നു. അറുപതുകളുടെ തുടക്കത്തിലെഴുതിയ 'കേരളം അറുനൂറ് കൊല്ലം മുൻപ്' എന്ന ആദ്യകാല ഗ്രന്ഥത്തിലൂടെയാണ് വേലായുധൻ പണിക്കശേരി ചരിത്രരചനയിൽ കാലുറപ്പിക്കുന്നത്. കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ, ഇബ്‌നുബത്തൂത്ത കണ്ട ഇന്ത്യ തുടങ്ങിയ പുസ്തകങ്ങളിലൂടെ ചരിത്രരചനയിൽ ആഴത്തിലും പരപ്പിലും അദ്ദേഹം സ്വന്തം മുദ്ര പതിപ്പിച്ചു. ആ ചരിത്രഗ്രന്ഥങ്ങൾ തന്നെയായിരുന്നു അക്കാലത്ത് കേരള യൂണിവേഴ്‌സിറ്റി പാഠപുസ്തകമാക്കിയതും. ഒടുവിൽ നവതിയിലെത്തും മുൻപേ, കൊവിഡ് കാലത്തും മൂന്ന് പുസ്തകങ്ങൾ കൂടി പൂർത്തിയാക്കി. അതിലൊന്ന് ആയിരത്തി ഇരുനൂറോളം പേജുള്ള ബൃഹത്തായ കേരളചരിത്രമായിരുന്നു. കൊച്ചി രാജ്യചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകളും സിന്ധുനദീതട സംസ്‌കാരത്തെക്കുറിച്ചുള്ള പഠനവും പൂർത്തിയാക്കിയാണ് മടങ്ങുന്നത്.
വേലായുധൻ പണിക്കശേരി എഴുതിയ 'അയ്യങ്കാളിയുടെ ജീവചരിത്രം' ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അംബേദ്കറെക്കുറിച്ചുള്ള പഠനങ്ങൾ അടക്കം ഭാരതത്തിലെ സർവകലാശാലകൾ പഠിപ്പിക്കുന്നുണ്ട്. അടങ്ങാത്ത ചരിത്രാഭിമുഖ്യവും അണയാത്ത അന്വേഷണത്വരയുമായിരുന്നു ചരിത്രരചനയിൽ വ്യാപൃതനാക്കിയത്. പഴമക്കാർ പറഞ്ഞ ആശയങ്ങളും വായനയുടെ അനുഭവ പശ്ചാത്തലങ്ങളും കൊണ്ടാണ് പല രചനകളും നടത്തിയത്.
കേരളത്തെക്കുറിച്ച് സമഗ്രം
അതിപ്രാചീനകാലം മുതൽ കേരള സംസ്ഥാന രൂപീകരണം വരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവപരമ്പരകൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ വിശദമാക്കുന്നുണ്ട്. പ്രാചീന കേരളത്തിന്റെ പുറനാടുമായുള്ള ബന്ധങ്ങൾ, ദ്രാവിഡാചാരങ്ങളിൽ നിന്ന് ചാതുർവർണ്യത്തിലേക്ക്, ചെറുകിട രാജാക്കന്മാർ, പോർച്ചുഗീസുകാർ കേരളത്തിൽ, ഡച്ചുകാരുടെ വരവ്, മൈസൂരിന്റെ ആധിപത്യം, കേരളം ബ്രിട്ടീഷുകാരുടെ കൈപ്പിടിയിൽ, വിദ്യാഭ്യാസം പ്രാചീന കേരളത്തിൽ, കേരളവും ശ്രീലങ്കയും, മലബാർ കലാപം, അയിത്തത്തിനെതിരെയുള്ള സമരങ്ങൾ, കേരളപ്പിറവി തുടങ്ങിയവ അടക്കം കേരളചരിത്രത്തിന്റെ സൂക്ഷ്മമായ ഗതിവിഗതികൾ യഥാതഥമായി അദ്ദേഹം വിവരിച്ചു.
വേലായുധൻ പണിക്കശ്ശേരിയുടെ വിയോഗം കേരളത്തിന്റെ ചരിത്രരചനാ മേഖലയ്ക്ക് ആഴമേറിയ നഷ്ടമാണ്. ഗവേഷണ വിദ്യാർത്ഥികളുടെ എൻസൈക്ലോപീഡിയ ആയിരുന്നു അദ്ദേഹം. പ്രാചീനകേരളത്തിന്റെ വൈദേശിക ബന്ധങ്ങളെക്കുറിച്ചും കലയിലും സംസ്‌കാരത്തിലും വിദേശബന്ധങ്ങൾ ചെലുത്തിയ സ്വാധീനത്തെപ്പറ്റിയുമുള്ള പഠനങ്ങളടക്കം നിസ്തുലമാണ്. ചരിത്രസംബന്ധിയായ ഏത് സംശയങ്ങൾക്കും വിദ്യാർത്ഥികളടക്കം ആർക്കും ആശ്രയമായിരുന്ന ചരിത്രകാരന്റെ വിയോഗം ദുഃഖകരമാണ്.
ഡോ.ആർ.ബിന്ദു
ഉന്നതവിദ്യാഭ്യാസ മന്ത്രി.