ചെറുതുരുത്തി: ശാരീരികാവശതകളിലും മുളയിൽ വിസ്മയങ്ങൾ തീർത്ത് വേലായുധൻ. പാരമ്പര്യ തൊഴിൽ പിൻതുടർന്ന് മുളയിൽ കൊട്ട, വട്ടി, മുറം, ഓലക്കുട, തൊപ്പിക്കുട, അലങ്കാരവസ്തുക്കൾ, ഓല പീപ്പി, പന്ത്, ഇരിപ്പിടങ്ങൾ തുടങ്ങി നിരവധി ഉപകരങ്ങളാണ് വേലായുധന്റെ പണിപ്പുരയിൽ തയ്യാറാക്കുന്നത്. 1997 തലച്ചോറിനെ അർബുദം കീഴടക്കിയപ്പോൾ ഓപ്പറേഷനിലൂടെ രോഗം ഭേദമാക്കി നിർമ്മാണ രംഗത്ത് വീണ്ടും സജീവമായി.എന്നാൽ കടുത്ത പ്രമേഹ ബാധയെ തുടർന്ന് 2020 ൽ വേലായുധന്റെ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നതോടെ പ്രതിസന്ധികൾ രൂക്ഷമായി. എന്നാൽ കൈകൾക്ക് വിശ്രമവും മനസിന് തളർച്ചയുമില്ലാതെ ഈ 63 കാരൻ വീണ്ടും മുള നിർമ്മാണ രംഗത്ത് തിരിച്ചെത്തി. കൂടാതെ മുള ഉൽപ്പന്ന നിർമ്മാണത്തിൽ കുട്ടികൾക്ക് അറിവ് പകർന്നു നിൽകുന്നതിനും പ്രത്യേകം സമയം കണ്ടെത്താറുണ്ട്.
മുളയോടുള്ള ഇഷ്ടംകൊണ്ട് തന്റെ പണിശാലയ്ക്ക് സമീപവും വീട്ട് പറമ്പിലും മുള നട്ടു വളർത്തി സംരക്ഷിക്കുന്നുണ്ട്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പ്രദേശവാസികൾക്ക് മുളംതൈകൾ സൗജന്യമായും നൽകി. മുള ഉൽപ്പന്നങ്ങൾ നിറം മങ്ങാതിരിക്കാൻ ആവശ്യക്കാർ എത്തുമ്പോൾ മാത്രമാണ് ഇപ്പോൾ നിർമ്മാണം. ആറങ്ങോട്ടുകര എഴുമങ്ങാട് കളരിക്കപറമ്പിൽ പരേതരായ ചക്കപ്പൻ- വള്ളി ദമ്പതികളുടെ മകനാണ് വേലായുധൻ. ഭാര്യ രാധാമണിയും മക്കളായ വിനീത് രണദേവും വൃന്ദയും മരുമകൾ ശിൽപ്പയും പേരക്കുട്ടി മകൻ ഫിദലും വേലായുധന് സഹായത്തിന് ഒപ്പമുണ്ട്.
കലാരംഗത്തും നിറ സാന്നിദ്ധ്യം
മരംകൊട്ട്, ചെണ്ട തുടങ്ങിയ കലാരൂപങ്ങളെ കോർത്തിണക്കി രണ്ട് മണിക്കൂറോളം ദൈർഘ്യത്തിൽ വേദിയിൽ അവതരിപ്പിക്കാൻ പാകത്തിന് ചിട്ടപ്പെടുത്തിയ കേത്രാട്ടം എന്ന കലാരൂപത്തെ സൃഷ്ടിച്ചെടുത്ത കേരളത്തിലെ ഏക വ്യക്തിയായ വേലായുധന് 2017ലെ ഫോക്ക്‌ലോർ പുരസ്‌കാരം തേടിയെത്തിയിരുന്നു. ആറങ്ങോട്ടുകര കലാപാഠശാലയുടെ കൊയ്ത്തുത്സവം, സ്‌കൂൾ തലങ്ങളിൽ നടക്കുന്ന ശാസ്‌ത്രോത്സവങ്ങൾ എന്നിവിടങ്ങളിലെല്ലാം വേലായുധന്റെ നിർമ്മാണങ്ങൾ ഇടം നേടാറുണ്ട്. തന്റെ ഭൂമിയുടെ ഒരു ഭാഗം അച്ചൻ കെ.പി. ചക്കന്റെ സ്മരണക്കായി അങ്കണവാടി നിർമ്മിക്കുന്നതിന് സർക്കാറിന് വിട്ടു നൽകിയിരുന്നു.