ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഇംഗ്ലീഷ് വിഭാഗം ഡയറക്ടർ ഡോ. അഗസ്റ്റിൻ വല്ലൂരാന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധ്യാനകേന്ദ്രം 50 നിർധന കുടുംബങ്ങൾക്ക് സ്ഥലവും വീടും നിർമ്മിച്ചു കൈമാറുന്നതിന്റെ രേഖാ സമർപ്പണവും വൈ.3.30ന് മുഖ്യമന്ത്രി നിർവഹിക്കും. 1500 നിർധന കുടുംബങ്ങളെ ജീവിതാന്ത്യംവരെ സൗജന്യമായി പരിപാലിക്കുന്ന 14 സാന്ത്വന കേന്ദ്രങ്ങളുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം, 100 കിടപ്പ് രോഗികൾക്ക് ജീവിതാന്ത്യംവരെ പരിചരണം നൽകുന്ന വയോമിത്രം പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. ഡിവൈൻ ധ്യാനകേന്ദ്രം മലയാളം വിഭാഗത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും. എം.പിമാരായ ബെന്നി ബെഹന്നാൻ, ഫ്രാൻസിസ് ജോർജ്, ജോസ് കെ മാണി, ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ പി.ജെ. ജോസഫ് , സനീഷ് കുമാർ ജോസഫ്, റോജി എം. ജോൺ തുടങ്ങിയ പ്രമുഖർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ഫാ.ജോർജ് പനയ്ക്കൽ, ഫാ.ബിനോയ് ചൊക്കാനിക്കുന്നേൽ,പി.ജെ.ആന്റണി, വൈ. ഔസേപ്പച്ചൻ എന്നിവർ പങ്കെടുത്തു.