
തൃശൂർ പൂരത്തിന്റെ അന്നു തുടങ്ങിയ വിവാദ കനലുകൾ മാസങ്ങൾ പിന്നിട്ടിട്ടും കെട്ടടങ്ങുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രിയും വിശദമായി പ്രതികരിച്ചതോടെ ഈ വിവാദക്കനൽ പെട്ടെന്ന് അണയില്ലെന്ന കാര്യവും ഏറക്കുറെ ഉറപ്പാണ്. തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ ചുമതലപ്പെടുത്തിയതാണെന്നും അത് നടക്കുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. വസ്തുതകൾക്ക് അനുസരിച്ചുള്ള റിപ്പോർട്ട് അല്ല വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകിയത്. അതിനാലാണ് പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർക്കെതിരെ നടപടിയെടുത്തത്. വിവരാവകാശ ഓഫീസറായ ഡി.വൈ.എസ്.പിയെ അന്വേഷണ വിധേയമായി മാറ്റി നിറുത്തി. അന്വേഷണം നേരത്തെ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച കുറച്ചു കൂടി സമയം വേണമെന്ന കത്ത് ലഭിച്ചു. തുടർന്ന് 24ന് മുമ്പ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, പൂരം കലക്കിയതുമായി ബന്ധപ്പെട്ട് വീണ്ടും ആഞ്ഞടിച്ച് മുൻ മന്ത്രി വി.എസ്.സുനിൽ കുമാറും മന്ത്രി സഭാംഗമായ കെ.രാജനും പരസ്യമായി രംഗത്ത് വന്നത് സർക്കാരിനെ സമ്മർദ്ദത്തിലുമാക്കി. അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന പൊലീസ് ആസ്ഥാനത്ത് നിന്നുള്ള മറുപടിയാണ് വി.എസ്.സുനിൽ കുമാറിനെ ചൊടിപ്പിച്ചത്. പൂരം കലക്കൽ യാദൃശ്ചികമെന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും സുനിൽകുമാർ മാദ്ധ്യമങ്ങളോട് ആവർത്തിച്ചു പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. 4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടി വേഗത്തിൽ ഉണ്ടാവട്ടേയെന്ന് കരുതിയാണ്. അന്വേഷണമുണ്ടായിട്ടില്ലെന്ന റിപ്പോർട്ട് അംഗീകരിക്കാനാവില്ല. മറുപടി ഞെട്ടൽ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണിത്. പൂരം കലക്കയതിനു പിന്നിൽ ആരൊക്കെയന്നറിയാൻ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും വിവരാവകാശ അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞതോടെ വിവാദം വീണ്ടും പുകഞ്ഞു.
അതേ സമയം പൂരം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. രാജനും രംഗത്ത് വന്നിരുന്നു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ആവശ്യം. അന്വേഷണമില്ല എന്ന് ഇപ്പോഴാണ് കേൾക്കുന്നത്. അത് എന്താണെന്ന് പരിശോധിച്ച് മറുപടി നൽകാമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമായി തന്നെ പറഞ്ഞു.
പിടിമുറുക്കി
കോൺഗ്രസും
പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന ആവശ്യത്തിൽ സി.പി.ഐ ഉറച്ച നിലപാടുമായി നിൽക്കുന്നതിനിടെ അന്വേഷണം നടന്നോയെന്ന ആക്ഷേപവുമായി കോൺഗ്രസും രംഗത്തെത്തി. അന്വേഷണ റിപ്പോർട്ടിൽ ആരൊക്കെ കുറ്റക്കാർ എന്നത് സംബന്ധിച്ച് വിവരം പുറത്തുവന്നാൽ അത് മറ്റൊരു വിവാദത്തിനും തിരി കൊളുത്തിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ സി.പി.ഐയും കോൺഗ്രസും ബി.ജെ.പിക്ക് നേരെയും പൂരം നിറുത്തിവയ്ക്കാൻ മുൻകൈയെടുത്ത തിരുവമ്പാടി ദേവസ്വത്തിനെതിരെയുമാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്. മുൻ മന്ത്രി സുനിൽ കുമാർ ഒരുപടി കൂടി കടന്ന് സുരേഷ് ഗോപി, രോഗികളെയെത്തിക്കാനുള്ള സേവാഭാരതി ആംബുലൻസിൽ വന്നതടക്കം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ ചുമതലയേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം ഇരു ദേവസ്വങ്ങളുടെയും പ്രസ് ക്ലബ്ബ് ഭാരവാഹികളുടെയും മൊഴികളാണെടുത്തത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ, വാദ്യകലാകാരന്മാർ, പൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവർ ഇവരിൽ നിന്നൊന്നും മൊഴികളെടുത്തിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കം പരിശോധനയ്ക്ക് വിധേയമാക്കിയോയെന്ന കാര്യം റിപ്പോർട്ട് പുറത്തുവന്നാലേ മനസിലാകൂ.
അന്വേഷണം നടന്നുവെന്ന് പറയുന്നത് വ്യാജമാണെന്നും പൂരം കലക്കിയതിന്റെ അന്വേഷണ റിപ്പോർട്ട് അഞ്ച് മാസം വൈകിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നുമാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ ആരോപിക്കുന്നത്. മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള രാമസേതു പാലമാണ് എ.ഡി.ജി.പി. അജിത് കുമാറിനെ പൂരം കലക്കൽ സംഭവം അന്വേഷിക്കാൻ ഏൽപ്പിച്ചത്. കള്ളന്റെ കൈയിൽ താക്കോൽ കൊടുത്തതിന് തുല്യമാണ്. അന്വേഷണമെന്ന് വരുത്തി തീർക്കാൻ രണ്ട് ദേവസ്വങ്ങളുടെയും മൊഴിയെടുത്തു. ശരിയായ വിവരാവകാശ മറുപടി കൊടുത്ത ഉദ്യോഗസ്ഥനെ എ.ഡി.ജി.പിക്കായാണ് മുഖ്യമന്ത്രി സസ്‌പെൻഡ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ താൻ കൊടുത്ത നിവേദനം മുഖ്യമന്ത്രി ഗൗരവത്തിൽ എടുത്തുവെന്നായിരുന്നു മുൻമന്ത്രി വി.എസ്.സുനിൽ കുമാർ ഒടുവിൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്. കർശനമായ നിർദ്ദേശം മുഖ്യമന്ത്രി കൊടുത്തു എന്നാണ് മനസിലാക്കുന്നത്. അദ്ദേഹത്തിന്റെ വാക്കിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും സുനിൽകുമാർ പറയുന്നു.
ഉദ്യോഗസ്ഥരുടെ
കെെകളിലെ പൂരം
തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിൽക്കുന്നതിനാൽ പൂരം പൂർണ്ണമായും ഉദ്യോഗസ്ഥരുടെ കെെകളിലായിരുന്നെന്ന പ്രത്യേകത ഇക്കഴിഞ്ഞ പൂരത്തിനുണ്ടായിരുന്നു. പൂരത്തിന്റെ അന്ന് പൊലീസ് തെക്കെ ഗോപുര വാതിലിലൂടെ ആനക്കാരെയും ദേവസ്വം ഭാരവാഹികളെയും കടത്തിവിട്ടില്ല എന്നതായിരുന്നു പ്രധാന പ്രശ്നങ്ങളിലൊന്ന്. വെടിക്കെട്ടിന്റെ പേരിൽ എഴുന്നെള്ളത്ത് വരുന്നതിനിടെ സ്വരാജ് റൗണ്ട് ബാരിക്കേഡ് വച്ച് കെട്ടിയടച്ചു. ജനങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും കൈയേറ്റം ചെയ്തു. പൂരം സംഘാടകരെ കൈയേറ്റം ചെയ്യുന്നത് അടക്കമുള്ള വീഡീയോ ദൃശ്യങ്ങളും പുറത്തുവന്നു. രാത്രി എഴുന്നെള്ളത്ത് തടസപ്പെട്ടതോടെ തിരുവമ്പാടി ദേവസ്വം പൂരം നിറുത്തിവയ്ക്കുകയായിരുന്നു.
രാത്രിയിൽ തുടങ്ങി പുലരുവോളം നീണ്ട ചർച്ചയെത്തുടർന്ന് പകൽപ്പൂരം നടന്നത്. അതിനിടയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ രംഗത്തെത്തിയപ്പോൾ അതിന് രാഷ്ട്രീയമാനവും കൈവന്നു.
സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണ് പൂരം കലക്കിയതിന് പിന്നിലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം. പൂരം നാളിൽ എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ, നോർത്ത് സോൺ ഡി.ഐ.ജി. രാമൻ, തൃശൂർ ഡി.ഐ.ജി. അജിത ബീഗം തുടങ്ങിയവരെല്ലാം തൃശൂരിലുണ്ടായിട്ടും പ്രശ്നത്തിൽ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്നായിരുന്നു മറ്റൊരു ആരോപണം. അങ്ങനെ തുടർന്ന ആരോപണ-പ്രത്യാരോപണങ്ങളിൽ കുടുങ്ങി 'പൂരം കലക്കൽ' വിവാദം ഇപ്പോഴും ആളിക്കത്തുകയാണ്.