1

തൃശൂർ : തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ റൂട്ടിലെ അനിശ്ചിതകാല സ്വകാര്യ ബസ് സമരം നിറുത്തി. ഇന്ന് രാവിലെ എ.ഡി.എം ടി.മുരളിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. കളക്ടർ തിങ്കളാഴ്ച രാവിലെ 11.30ന് കെ.എസ്.ടി.പി, കരാറുകാർ, ആർ.ടി.ഒ ഉദ്യോഗസ്ഥന്മാർ, പൊലീസ്, മേയർ എന്നിവർ ഉൾപ്പെടെ വിശദമായി ചർച്ച നടത്തി റോഡ് പണിയെ സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടാക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. ഇതോടെ ബസുടമസ്ഥ - തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി സമരം പിൻവലിക്കാൻ തീരുമാനിച്ചു. പൂച്ചിന്നിപ്പാടം മുതൽ ഊരകം വരെയും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുതൽ പൂതംകുളം വരെയുമുള്ള സ്ഥലങ്ങളിൽ റോഡ് പണി നടന്നുകൊണ്ടിരിക്കുന്നത് മൂലം ബസുകൾ വഴിതിരിഞ്ഞാണ് സർവീസ് നടത്തുന്നത്. കെ.വി.ഹരിദാസ് (സി.ഐ.ടി.യു), എം.എസ്.പ്രേംകുമാർ (ടി.ഡി.പി.ബി.ഒ.എ), എ.സി.കൃഷ്ണൻ (ബി.എം.എസ്), ഷംസുദ്ദീൻ (ഐ.എൻ.ടി.യു.സി), സി.എം.ജയാനന്ദ് (കെ.ബി.ഒ), മുജീബ് റഹ്മാൻ (കെ.ബി.ടി.എ), എം.എം.വത്സൻ (ബി.എം.എസ്), കെ.കെ.സേതുമാധവൻ (ടി.ഡി.പി.ബി.ഒ.എ), കെ.പി.സണ്ണി (സി.ഐ.ടി.യു) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.