
തൃശൂർ: കാൽനട യാത്രികർക്ക് ആശ്വാസമാകാൻ ലക്ഷ്യമിട്ടുള്ള ശക്തൻ നഗറിലെ ആകാശ നടപ്പാത (സ്‌കൈവോക്ക്) 27ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് മേയർ എം.കെ.വർഗീസ് അറിയിച്ചു. അടച്ചുറപ്പുള്ള ഗ്ലാസ് സ്ഥാപിച്ച്, ഉൾഭാഗം ശീതീകരിക്കാനും കൂടുതൽ ലിഫ്റ്റുകൾ സ്ഥാപിക്കാനുമാണ് ആകാശപ്പാത താത്കാലികമായി അടച്ചിട്ടത്.
ശീതീകരിച്ച ആകാശപ്പാത ഈ മാസം 27ന് ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നടപ്പാതയ്ക്കുള്ളിൽ എയർ കണ്ടിഷനിംഗ് സൗകര്യവും വശങ്ങൾക്ക് ചുറ്റും ഗ്ലാസും (ടഫൻഡ് ഗ്ലാസുകൾ) സീലിംഗും സ്ഥാപിക്കുന്നതും പൂർത്തിയായി. കൂടുതൽ ലിഫ്‌റ്റുകളും ഒരുക്കി. ഇനി അവസാനഘട്ട മിനുക്കുപ്പണികളും ഉൾഭാഗത്തെ ശുചീകരണവുമാണ് ബാക്കിയുള്ളത്.
ആകാശപ്പാതയുടെ മുകളിൽ സ്ഥാപിച്ച സോളാർ പാനൽ വഴിയാണ് എയർ കണ്ടിഷനിംഗ്, വെളിച്ച സംവിധാനങ്ങൾ, ലിഫ്റ്റുകൾ എന്നിവയ്ക്കുള്ള വൈദ്യുതി ലഭിക്കുക. പൂർണമായും സൗരോർജത്തിലാകും പ്രവർത്തനം.
ഡിസംബറോടെ മറ്റ് ഭാഗങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതും പൂർത്തിയാകും. ആകാശപ്പാതയ്ക്കുള്ളിലും മറ്റുമായി ഇരുപതോളം സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു. കോർപ്പറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് കോടിയോളം രൂപ ചെലവഴിച്ചാണ് വൃത്താകൃതിയിൽ ആകാശപ്പാത നിർമ്മിച്ചത്. ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞവർഷം ആഗസ്റ്റിൽ തുറന്നു നൽകി. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആകാശപ്പാത ശീതീകരിച്ചത്.