എളവള്ളിയിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
പാവറട്ടി: എളവള്ളി പഞ്ചായത്തിലെ ഡയപ്പർ സംസ്‌കരണ കേന്ദ്രം തുറന്നു. എൽ.പി.ജി ഗ്യാസും വൈദ്യുതിയും ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. 45 മിനിറ്റിനുള്ളിൽ 60 ഡയപ്പറുകൾ കത്തിക്കുന്നതിനുള്ള സൗകര്യമാണുള്ളത്.
2023-24 സാമ്പത്തിക വർഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ നിന്നും 14 ലക്ഷം രൂപ വകയിരുത്തിയാണ് കേരളത്തിലെ ആദ്യ ഡയപ്പർ ഡിസ്‌ട്രോയർ എളവള്ളി പഞ്ചായത്തിൽ സ്ഥാപിച്ചത്.
ഹരിത കർമ്മ സേന വഴി നിശ്ചിത കളക്ഷൻ പോയിന്റുകളിൽ നിന്നും ശേഖരിക്കുന്നതിനാണ് പദ്ധതി.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിപൂർണ്ണ അംഗീകാരം നേടിയാണ് ഡിസ്‌ട്രോയർ സ്ഥാപിച്ചത്. പുഴയ്ക്കൽ ഗാല കോപ്ലക്‌സിലെ 4 ആർ ടെക്‌നോളജീസ് ഉടമ ടി.വി.വിദ്യാരാജന്റെ നേതൃത്വത്തിൽ റെയ്ഡ്‌കോയാണ് ഡയപ്പർ ഡിസ്‌ടോയർ ഡിസൈൻ ചെയ്തത്. വാതക ശ്മശാനത്തോട് ചേർന്ന് സ്ഥാപിച്ചത് മൂലം 30 മീറ്റർ ഉയരമുള്ള ചിമ്മിനി വേറെ നിർമ്മിക്കേണ്ടതായി വന്നില്ല. സംസ്‌കരണ കേന്ദ്രത്തിന്റെ ഒന്നാം ചേംബറിലാണ് ഡയപ്പറുകൾ നിക്ഷേപിക്കുന്നത്. 850 ഡിഗ്രി സെന്റി ഗ്രേഡിൽ ഓട്ടോമാറ്റിക് ഇൻഡസ്ട്രിയൽ ബർണറുകൾ ഉപയോഗിച്ച് കത്തിക്കും. തത്സമയം ഉണ്ടാകുന്ന ക്ലോറിൻ, ഫ്‌ളൂറിൻ, നൈട്രജൻ, സൾഫർ ഡൈ ഓക്‌സൈഡ് എന്നീ വാതകങ്ങൾ രണ്ടാം ചേംബറിലേക്ക് കടക്കും. ഇവിടെ ഈ വാതകങ്ങൾ 1000 ഡിഗ്രി സെന്റി ഗ്രേഡിൽ കത്തിക്കും. കരിയും പൊടിപടലങ്ങളും സൈക്ലോണിക് സെപ്പറേറ്റർ യൂണിറ്റിൽ ശേഖരിക്കും. പിന്നീട് ഇത് വാട്ടർ സ്‌ക്രൈബർ യൂണിറ്റിലെ വെള്ളത്തിൽ ലയിപ്പിക്കും. ഇത് പിന്നീട് സെടിമെന്റേഷൻ സംഭരണിയിലേക്കും സോക്പിറ്റിലേക്കും ഒഴുകിയെത്തും. അന്തരീക്ഷ ഊഷ്മാവിലുള്ള വാതകങ്ങൾ 30 മീറ്റർ ഉയരമുള്ള ചിമ്മിണി വഴി പുറന്തള്ളും. കത്തിക്കുന്ന ഡയപ്പറിന്റെ ചാരം ട്രേയിൽ ശേഖരിക്കും. ഡയപ്പർ ഡിസ്‌ട്രോയിൽ നിന്നും ലഭിക്കുന്ന ചാരം അമ്പലമേടുള്ള കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകാനാണ് ധാരണയായിട്ടുള്ളത്. മണലൂർ എം.എൽ.എ.മുരളി പെരുനെല്ലി അദ്ധ്യക്ഷനായി. ലതി വേണുഗോപാൽ, ജിയോ ഫോക്‌സ്, പി.എം. ഷെഫീക്ക് എന്നിവർ പ്രസംഗിച്ചു.
കൃത്രിമ തടാകം സൃഷ്ടിക്കും
എളവള്ളി പഞ്ചായത്തിൽ മണച്ചാൽ പ്രദേശത്ത് കളിമൺ ഖനനം നടത്തി വലിയ ഗർത്തങ്ങൾ സൃഷ്ടിച്ച 64 ഏക്കർ ഭൂമി കൃത്രിമ തടാകം സൃഷ്ടിക്കുന്നതിന്റെ നടപടി ത്വരിതഗതിയിലാക്കാൻ മന്ത്രി.എം.ബി.രാജേഷ് തൃശൂർ എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് സൂചിപ്പിച്ചതിനെതുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. എളവള്ളി വാതക ശ്മശാനത്തോട് ചേർന്ന് കുളവെട്ടിമരങ്ങൾവച്ച് പിടിപ്പിച്ചത് ശ്രദ്ധയിൽ പെട്ടതോടെ മറ്റുപഞ്ചായത്തുകളിൽ കൂടി കുളവെട്ടിമരങ്ങൾ വെച്ചുപിടിപ്പിക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.