
തൃശൂർ : ഖേലോ ഇന്ത്യ ദേശീയ ലീഗ് റാങ്കിംഗ് ജൂഡോ ടൂർണമെന്റ് 23 മുതൽ 27 വരെ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കേരള ജൂഡോ അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് സോണുകളിൽ നിന്നായി 700 ഓളം വനിതാ ജൂഡോ താരങ്ങൾ പങ്കെടുക്കും. സോണൽ ചാമ്പ്യൻഷിപ്പിലെ വിജയികളാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കാനെത്തുക.
സബ്ജൂനിയർ, കേഡറ്റ്, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. 23ന് വൈകിട്ട് 5ന് മേയർ എം.കെ.വർഗ്ഗീസ് ഉദ്ഘാടനം നിർവഹിക്കും. കേരള ജൂഡോ അസോസിയേഷൻ പ്രസിഡന്റ് കെ.വി.അൻവർ അദ്ധ്യക്ഷത വഹിക്കും. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയാകും. 27ന് വൈകിട്ട് 5ന് സമാപന ചടങ്ങ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം നിർവഹിക്കും.
വാർത്താസമ്മേളനത്തിൽ ധനഞ്ജയൻ കെ.മച്ചിങ്ങൽ, കെ.രാധാകൃഷ്ണൻ, ഇഗ്‌നി മാത്യു, ജോയ് വർഗീസ്, അഖിൽ എം.നായർ എന്നിവർ പങ്കെടുത്തു. ടൂർണമെന്റിൽ ഒന്ന് മുതൽ ഏഴാം സ്ഥാനം വരെ നേടുന്ന ജൂഡോ താരങ്ങൾക്ക് ക്യാഷ് അവാർഡ് നൽകും. കേന്ദ്രസർക്കാർ ഖേലോ ഇന്ത്യ വഴിയും, സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയും ചേർന്ന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.