1
1

തൃശൂർ: വായ്പ നൽകിയതിന്റെ പേരിൽ അത് നൽകിയ ബോർഡിനും ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കുന്നത് സഹകരണ മേഖലയെ തകർക്കുമെന്ന് തൃശൂർ ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എം.കെ.അബ്ദുൾ സലാം പറഞ്ഞു. വായ്പാ കുടിശ്ശിക സ്വാഭാവികമാണ്. ജില്ലാ സഹകരണ ബാങ്കിൽ 143 കോടിയുടെ വായ്പാ തട്ടിപ്പ് നടന്നെന്നത് തെറ്റായ വിവരമാണ്. പലിശയടക്കം ഇതുവരെയുള്ള കുടിശ്ശികയാകാമത്. ജില്ലാ സഹകരണ ബാങ്കിൽ എല്ലാ വർഷവും ആർ.ബി.ഐ, നബാർഡ് എന്നിവയുടെയും ഇന്റേണൽ ഓഡിറ്റും നടന്നതിൽ താൻ പ്രസിഡന്റായിരുന്ന 2013-17 കാലത്ത് ക്രമക്കേട് കണ്ടെത്തിയിട്ടില്ല. ഇക്കാലത്ത് 160.78 കോടി ഷെയർ ക്യാപിറ്റലുണ്ടാക്കി. സി.പി.എം ഭരിച്ചിരുന്നപ്പോൾ 18.17 കോടിയായിരുന്നു ഇത്. 2016-17ൽ നബാർഡ് പരിശോധനയിൽ എ ഗ്രേഡ് ലഭിച്ചതുൾപ്പെടെ മറ്റ് നേട്ടങ്ങളുമുണ്ടാക്കി. ബ്രാഞ്ചുകളിൽ നിന്ന് മാനേജർ, എക്‌സിക്യുട്ടീവ് ഓഫീസർ, ഡി.ജി.എം എന്നിവർ പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവർ ശുപാർശ ചെയ്ത തുക മാത്രം എക്‌സിക്യുട്ടീവ് കമ്മിറ്റി വായ്പയായി അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.