
ചാലക്കുടി: നഗരത്തിൽ കൂടുതൽ പ്രദേശങ്ങളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിവിധ സ്ഥാപനങ്ങളിലായി അമ്പതോളം ആളുകൾ ഡെങ്കിപ്പനിയുടെ പിടിയിലാണ്. ഇതിൽ പകുതിയോളം അതിഥി തൊഴിലാളികളാണ്. നോർത്ത് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി റോഡിലെ ഒരു സ്ഥാപനത്തിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആനമല ജംഗ്ഷനിലുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്‌സിലെ വിവിധ സ്ഥാപനങ്ങലുള്ളവരും ഡെങ്കിയുടെ പിടിയിലായി.
നിരവധി അതിഥി തൊഴിലാളികൾക്കും രോഗം ബാധിച്ചു. അതിഥി തൊഴിലാളികളായ നാൽപ്പതോളം പേർ ഇവിടെ ചെറിയൊരു ഷെഡ്ഡിലാണ് കഴിയുന്നത്. ഇവർക്ക് പ്രാഥമികാവശ്യം നിരവേറ്റുന്നതിന് ഏർപ്പെടുത്തിയതാകട്ടെ താത്കാലിക സംവിധാനമാണ്. മാത്രമല്ല, ഷോപ്പിംഗ് കോംപ്ലക്‌സിൽ നിന്നും പൈപ്പ് പൊട്ടിയൊഴുകുന്ന മലിന ജലവും ഇവിടെ കെട്ടിക്കിടക്കുന്നു.
മഴക്കാലത്ത് സ്ഥിരമായി സംഭവിച്ച വെള്ളക്കെട്ടാണ് ഡെങ്കിപ്പനി പടരാൻ ഇടയാക്കിയതെന്ന് പറയുന്നു. ഇപ്പോഴാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം വിവരമറിഞ്ഞത്. ഇവിടെയെത്തിയ ആരോഗ്യ പ്രവർത്തകർ ബ്ലീച്ചിംഗ് പൗഡർ വിതറുകയും പരിസരത്ത് ഫോഗിംഗ് നടത്തുകയും ചെയ്തു.