khadi

തൃശൂർ: കേന്ദ്ര ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ വേതന വർദ്ധനവ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഖാദി തൊഴിലാളികൾ പ്രതീക്ഷയിൽ. ഖാദി കരകൗശല തൊഴിലാളികൾക്കാണ് ആനുകൂല്യം. സ്പിന്നർമാർക്ക് 25 ശതമാനവും നെയ്ത്തുകാർക്ക് ഏഴ് ശതമാനവുമാണ് വർദ്ധന പ്രഖ്യാപിച്ചത്.

മൂന്നാം മോദി സർക്കാരിന്റെ നൂറാം ദിവസത്തിന്റെ ആഘോഷത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. നെയ്ത്തുകാർക്ക് ഒരു നൂൽക്കഴിക്ക് രണ്ടര രൂപ അധികം ലഭിക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ വർദ്ധിപ്പിച്ച വേതനം പ്രാബല്യത്തിൽ വരും. ഖാദി തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വേതനം കൃത്യമായി കിട്ടാത്തതാണ് തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്‌നം.

സംസ്ഥാനത്ത് പതിനാല് മാസത്തെ കുടിശ്ശികയിൽ ഓണത്തിന് മുമ്പ് ആറു മാസത്തേത് മാത്രമാണ് ലഭിച്ചത്. കൃത്യമായി വേതനം കിട്ടാത്തതിനാൽ പലരും തൊഴിൽ ഉപേക്ഷിക്കുന്നുണ്ട്. പത്ത് കൊല്ലം മുമ്പ് സംസ്ഥാനത്ത് 15,000 തൊഴിലാളികളുണ്ടായിരുന്നത് ഇപ്പോൾ 11,000 ആയി.

ഖാദിക്ക് റിബേറ്റ് സർക്കാർ പ്രഖ്യാപിക്കുന്ന റിബേറ്റ് തുക സ്ഥാപനങ്ങളാണ് ആദ്യം നൽകുക. ഈയിനത്തിലും സർക്കാരിൽ നിന്ന് കുടിശ്ശിക കിട്ടാനുള്ളത് സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. 53 കോടിയാണ് ഈയിനത്തിൽ സ്ഥാപനങ്ങൾക്ക് കിട്ടാനുള്ളത്.