വടക്കാഞ്ചേരി: കുമ്പളങ്ങാട് ഖരമാലിന്യ പ്ലാന്റിൽനിന്ന് മലിനജലം ജനവാസ മേഖലയിലേക്ക് ഒഴുകുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പ്രദേശത്ത് ദുർഗന്ധം വമിക്കുകയാണ്. പരിസരം മലിനമായതിനാൽ ഈച്ച ശല്യവും അതിരൂക്ഷമാണ്. ഭക്ഷണം പാചകം ചെയ്യാനോ കഴിക്കാനോ കഴിയുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. നഗരസഭാ അതിർത്തിയിൽ നിന്ന് ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ പ്ലാന്റിലെത്തിച്ച് ഉണക്കിയെടുത്ത് പൊടിച്ച് വളമാക്കുന്ന പ്രവർത്തനമാണ് കുമ്പളങ്ങാട് ഖരമാലിന്യ പ്ലാന്റിൽ നടക്കുന്നത്. ഓണക്കാലത്ത് അളവിൽ കൂടുതൽ മാലിന്യം പ്ലാന്റിൽ എത്തിയിരുന്നതായി നഗരസഭാ അധികൃതർ പറഞ്ഞു. കൂടാതെ തൊഴിലാളികൾ ഓണാവധിയിലായത് മൂലം പ്ലാന്റിലെ പൊടിക്കൽ പ്രക്രിയ മന്ദഗതിയിലായതാകാം ഈ അവസ്ഥയ്ക്ക് കാരണമെന്ന് അധികൃതർ അറിയിച്ചു. പ്ലാന്റ് പ്രവർത്തനക്ഷമമാണെന്നും എന്തെങ്കിലും അപാകതയുണ്ടെങ്കിൽ പരിശോധിക്കുമെന്നും വിൻഡ്രോ കംപോസ്റ്റ് അധികൃതരും അറിയിച്ചു.


ആധുനിക സംവിധാനങ്ങൾ

മാലിന്യ സംസ്‌കരണം വിൻഡ്രോ കംപോസ്റ്റ് പ്ലാന്റ് മുഖേനയാണ് നടക്കുന്നത്. തിരുവനന്തപുരം വെള്ളിയമ്പലം ആസ്ഥാനമായുള്ള സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ (എസ്.ഇ.യു .എഫ്) ആണ് 48 ലക്ഷം രൂപ ചെലവഴിച്ച് പ്ലാന്റ് യാഥാർഥ്യമാക്കിയത്.

അശാസ്ത്രീയമായി പ്രവർത്തിക്കുന്ന മാലിന്യ പ്ലാന്റ് വർഷങ്ങളായി കുമ്പളങ്ങാടിനെ രോഗാതുരമാക്കുകയാണ്. നിരന്തര സമരത്തെ തുടർന്ന് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന് നഗരസഭ ഉറപ്പ് നൽകിയിരുന്നു. വാഗ്ദാന ലംഘനത്തിനെതിരെ ജനകീയ പ്രക്ഷോഭം നടത്തും.


- കവിത കൃഷ്ണനുണ്ണി
നഗരസഭ ഡിവിഷൻ കൗൺസിലർ