d

തൃശൂർ: സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകിന് ഏകോപനത്തിലുണ്ടായ പാളിച്ചയാണ് തൃശൂർ പൂരം അലങ്കോലപ്പെടാൻ കാരണമെന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനെ സി.പി.ഐയും പ്രതിപക്ഷവും ദേവസ്വങ്ങളും അപ്പാടെ തള്ളി.

ഇന്ന് വൈകിട്ട് തേക്കിൻകാട് മൈതാനിയിൽ അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്ന മുഖ്യമന്ത്രി ഇതിന് മറുപടി പറയുമോ എന്നാണ് അറിയേണ്ടത്.

ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായിരുന്ന സി.പി.ഐ. നേതാവ് വി.എസ്.സുനിൽ കുമാർ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് തുറന്നടിച്ചു. കമ്മിഷണർ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.മുരളീധരൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും റിപ്പോർട്ടിനെതിരെ രംഗത്തെത്തി.

പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളെയും പ്രതിക്കൂട്ടിൽ നിറുത്തിയിരിക്കുകയാണ്. പൊലീസ് ഇടപെടലിൽ പ്രതിഷേധിച്ചാണ് രാത്രിപ്പൂരം തിരുവമ്പാടി ദേവസ്വം നിറുത്തിവച്ചത്. സുനിൽ കുമാറും കോൺഗ്രസും പി.വി.അൻവറുമെല്ലാം പൂരം കലക്കിയതിന് പിന്നിൽ എ.ഡി.ജി.പി എം.ആർ.അജിത് കുമാറാണെന്ന ആരോപണം ഉന്നയിച്ചിരിക്കേയാണ് അദ്ദേഹം തന്നെ റിപ്പോർട്ട് സമർപ്പിച്ചത്.

`റിപ്പോർട്ടിൽ എന്തുതന്നെ പറഞ്ഞാലും പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയും അതുമായി ബന്ധപ്പെട്ട ഇടപെടലും ഉണ്ടായിട്ടുണ്ടെന്നതിൽ സംശയമില്ല.റിപ്പോർട്ട് പൂർണ്ണമായും പഠിച്ച ശേഷമേ വിശദമായി പ്രതികരിക്കാനാവൂ.'

- വി.എസ്.സുനിൽ കുമാർ

`ഗൂഢാലോചന നടന്നിട്ടില്ലെന്ന വാദം ശരിയല്ല. പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ദേവസ്വങ്ങൾ നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. റിപ്പോർട്ട് ഇങ്ങനെയാകുമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം.'

-കെ.ഗിരീഷ് കുമാർ
സെക്രട്ടറി, തിരുവമ്പാടി ദേവസ്വം

പൂരം വിഷയത്തിൽ സർക്കാർ അതിന്റെ നടപടികൾ അനുസരിച്ചു മുന്നോട്ട് പോകുന്നുണ്ട്. ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരുന്നു.

എ.വിജയരാഘവൻ,
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം