-agriculture-
കോട്ടക്കൽ പാടശേഖരത്തിലെ തോട് പുല്ല് മൂടി കിടക്കുന്നു.

മാള: തോട്ടിൽ പുല്ല് മൂടി വെള്ളമെത്താതിനാൽ മാള പഞ്ചായത്ത് പത്താം വാർഡിലെ കോട്ടക്കൽ പാടശേഖരത്തിൽ നെൽക്കർഷകർ കൃഷിയിറക്കാനാകാതെ ദുരിതത്തിൽ. അമ്പത് ഏക്കറോളം നെൽക്കൃഷി നടത്തുന്ന പാടശേഖരത്തിൽ കൃഷിയിറക്കാനായി ഞാറുകൾ നടാൻ പാടശേഖരം ഒരുക്കേണ്ട സമയമാണിതെങ്കിലും തോട്ടിലെ പുൽക്കാട് അതിനെല്ലാം തടസ്സമായി നിലക്കൊള്ളുമ്പോൾ പഞ്ചായത്തും അനങ്ങാപ്പാറ നയം പിന്തുടരുകയാണ്. തോടുകൾ പുല്ല് മൂടി കാടായതോടെ കർഷകർക്ക് തോട്ടുവരമ്പിലൂടെ പാടശേഖരത്തിൽ എത്താനും വളം, കീടനാശിനികൾ എന്നിവയെത്തിക്കാനും കഴിയുന്നില്ല. പഞ്ചായത്ത് മുമ്പാകെ കർഷകർ പരാതിയുമായെത്തിയപ്പോൾ എസ്റ്റിമേറ്റ് തയ്യാറാക്കി കാര്യങ്ങൾ നടപ്പാക്കാൻ സമയം പിടിക്കുമെന്നായിരുന്നു മറുപടി. പുല്ല് വെട്ടി മാറ്റി വൃത്തിയാക്കിയാൽ മാത്രമേ വെള്ളം പാടശേഖരങ്ങളിലേക്കും തിരിച്ചും ഒഴുക്കിക്കളയാനാകൂ. ആവശ്യം വന്നാൽ വെള്ളം കയറ്റി, കെട്ടിനിറുത്തി കള നിയന്ത്രിക്കുകയും വേണം. അടി വളം ചേർക്കുമ്പോഴും കീടനിയന്ത്രണത്തിനും വെള്ളത്തിന്റെ അളവ് ക്രമീകരിക്കാൻ തോട്ടിലെ പുല്ല് വെട്ടിമാറ്റി ജലത്തിന്റെ ഒഴുക്ക് സുഗമമാക്കണം. ഇരിപ്പൂ കൃഷി ചെയ്തിരുന്ന കോട്ടയ്ക്കൽ പാടശേഖരത്തിൽ ഇപ്പോൾ ഒരുപ്പൂ കൃഷി ചെയ്യാനേ ആകുന്നുള്ളു. തോട്ടിലെ പുല്ല് വെട്ടിമാറ്റി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി കർഷകർ കൃഷിയിറക്കാനാവശ്യമായ സാഹചര്യമൊരുക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

വർഷങ്ങളായി തോടുകൾ വൃത്തിയാക്കാതെ പുല്ല് മൂടി കിടക്കുന്നത് കർഷകരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. മുൻകാലങ്ങളിൽ തൊഴിലുറപ്പുകാരാണ് ഇവിടുത്തെ തോട് വൃത്തിയാക്കിയിരുന്നത്. എന്നാൽ വർഷങ്ങളായി ഇത് മുടങ്ങി. വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കുന്നവർ പഞ്ചായത്തിന്റെ അനാസ്ഥ മൂലം ദുരിതം പേറുകയാണ്. കാർഷിക കൂട്ടായ്മ രൂപീകരിച്ചാണ് പലരും കൃഷി നടത്തുന്നതെങ്കിലും അതൊന്നും സാദ്ധ്യമല്ലാത്ത സ്ഥിതിയാണ്.

കർഷകരുടെ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിച്ച് കൃഷി ഇറക്കാനുള്ള സാഹചര്യം ബന്ധപ്പെട്ടവർ ഒരുക്കണം.
- എ.എ. വേലായുധൻ
(കോട്ടക്കൽ പാടശേഖര സമിതി പ്രസിഡന്റ്)

പരാതി ശ്രദ്ധയിൽപ്പെട്ട ഉടനെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് ഈ പ്രവൃത്തി ചെയ്യാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി. അടുത്തയാഴ്ച തോട് വൃത്തിയാക്കൽ ആരംഭിക്കും.
- ബിന്ദു ബാബു
(മാള പഞ്ചായത്ത് പ്രസിഡന്റ്)