1

തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ അർഹമായ ആനുകൂല്യം നൽകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. വയനാട് ദുരന്ത നിവാരണ പ്രവർത്തനം അട്ടിമറിക്കുന്നതിനെതിരെ എ.ഐ.ടി.യു.സിയുടെ പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച നട്ടുച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻദുരന്തത്തിന് മുന്നിൽ പകച്ചുനിൽക്കുമ്പോഴും കേന്ദ്രം ക്രൂരമായ അവഗണന തുടരുകയാണ്. ഒലിച്ചുപോയ ചൂരൽമലയിൽ പുനരധിവാസം കടമ്പയാണ്. വയനാട് സന്ദർശിച്ച് വൻ വാഗ്ദാനം നൽകി മടങ്ങിയ പ്രധാനമന്ത്രി ഒരു രൂപ പോലും നൽകിയില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് കോടികൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.കെ സുധീഷ് അദ്ധ്യക്ഷനായി. കെ.മല്ലിക, എലിസബത്ത് അസീസി, എ.ശോഭ തുടങ്ങിയവർ പ്രസംഗിച്ചു.