കൊടുങ്ങല്ലൂർ : കിസാൻസഭ അംഗത്വപ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി പെൻഷൻകാരിൽ നിന്ന് സംഭാവനയായി പണം പിരിച്ച സി.പി.ഐ മേത്തല ലോക്കൽ കമ്മിറ്റി അംഗം ഒ.സി. ജോസഫിന് പരസ്യ ശാസന. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന സി.പി.ഐ മേത്തല ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന് ലോക്കൽ കമ്മിറ്റി വിലയിരുത്തി. കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് ഭരണസമിതി അംഗം, കിസാൻ സഭ മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും ഒ.സി. ജോസഫ് പ്രവർത്തിക്കുന്നു. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ദിനിൽ അദ്ധ്യക്ഷനായി. കെ.ജി. ശിവാനന്ദൻ, സി.സി. വിപിൻ ചന്ദ്രൻ, എൽ.സി സെകട്ടറി പി.എ. ജോൺസൺ എന്നിവർ പങ്കെടുത്തു.