c

ചേർപ്പ് : പെരുവനം ഗ്രാമത്തിലെ മേളത്തിന്റെ നെടുംതൂണുകളിൽ ഒരാളാണ് പെരുവനം സതീശൻ മാരാരെന്ന് സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അഭിപ്രായപ്പെട്ടു. മേളപ്രമാണി പെരുവനം സതീശൻ മാരാരുടെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ച് ഒരുക്കിയ പ്രമാണ പൗർണമി അനുമോദന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൺമറഞ്ഞ പൂർവിക തലമുറ പോലെ വാദ്യകലാ രംഗം മേളകലാകാരന്മാരുടെ കൈകളിൽ ഇപ്പോഴും ഭദ്രമാണെന്ന് മട്ടന്നൂർ പറഞ്ഞു. ചടങ്ങിൽ സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. കെ.പി.സി.വിഷ്ണു ഭട്ടതിരിപ്പാട് ദീപം തെളിച്ചു.

കാലടി കൃഷ്ണയ്യർ കലാജീവിത ആമുഖം നടത്തി. മന്ത്രി കെ.രാജൻ മുഖ്യാതിഥിയായി. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, വിദ്യാലയ കലാജീവിതത്തിൽ സഹപ്രവർത്തകരായ പെരുവനം ഹരി, പെരുവനം കൃഷ്ണകുമാർ, പെരുവനം ഗോപാലകൃഷ്ണൻ എന്നിവരെ സതീശൻ മാരാർ ആദരിച്ചു. പെരുവനം കുട്ടൻ മാരാർ പൊന്നാട അണിയിച്ചു. വെൺമണി കൃഷ്ണൻ നമ്പൂതിരി കീർത്തിഫലക സമർപ്പണം നടത്തി. രചയിതാവ് ആർ.കെ.ദാമോദരൻ മംഗളപത്രം സമർപ്പിച്ചു. സംഗീതജ്ഞൻ ശ്രീവത്സൻ ജെ.മേനോൻ പുഷ്പഹാരം അണിയിച്ചു. സംഗീത സംവിധായൻ വിദ്യാധരൻ പുഷ്പകിരീടം അണിയിച്ചു. തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി, കിഴക്കൂട്ട് അനിയൻ മാരാർ, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, ജി.രാജേഷ്, എ.എ.കുമാരൻ, പരയ്ക്കാട് തങ്കപ്പൻ മാരാർ, ജിജി പെരുവനം, കലാമണ്ഡലം രാമചാക്യാർ, അന്തിക്കാട് പത്മനാഭൻ, വേലായുധൻമാരാർ, കെ.വാസപ്പൻ ചാത്തക്കുടം, പെരുവനം സതീശൻ മാരാർ , പത്‌നി ഇന്ദിര സതീശൻ മാരാർ എന്നിവർ പ്രസംഗിച്ചു. പഞ്ചരത്‌ന കീർത്തനാലാപനം മട്ടന്നൂർ ശ്രീരാജ് നയിച്ച തായമ്പക, പിറന്നാൾ സദ്യ എന്നിവയുമുണ്ടായി.