കൊടുങ്ങല്ലൂർ : ടി.കെ.എസ് പുരത്തെ നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ (ആർ.ആർ.എഫ് സെന്ററിൽ) അന്യസംസ്ഥാനത്തൊഴിലാളിയുടെ ഭാര്യയോട് ശുചീകരണത്തൊഴിലാളിയുടെ സുഹൃത്ത് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ശുചീകരണത്തൊഴിലാളിക്കും രണ്ട് ആരോഗ്യവിഭാഗം ജീവനക്കാർക്കും നഗരസഭയുടെ കാരണം കാണിക്കൽ നോട്ടീസ്. എന്നാൽ സംഭവം സംബന്ധിച്ച് പൊലീസിനെ അറിയിക്കാൻ അന്യസംസ്ഥാനത്തൊഴിലാളി കുടുംബമോ നഗരസഭാ അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ദുരൂഹമാണ്. അന്യസംസ്ഥാനത്തൊഴിലാളിയുടെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ ശുചീകരണത്തൊഴിലാളിയുടെ സുഹൃത്തിനെ രക്ഷിക്കാനാണ് നീക്കമെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.
ക്ലീൻ കേരള കമ്പനിക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് നൽകുന്ന പ്രവൃത്തി ചെയ്യാനായി താമസിച്ചുവരുന്ന അന്യസംസ്ഥാനത്തൊഴിലാളി കുടുംബത്തിലെ സ്ത്രീക്ക് നേരെയാണ് നഗരസഭയിലെ ഓണാഘോഷത്തിനിടെ അതിക്രമം ഉണ്ടായത്. അന്യസംസ്ഥാനത്തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ എന്ന പേരിൽ ആർ.ആർ.എഫ് സെന്ററിൽ എത്തിയ ജീവനക്കാരനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അന്യസംസ്ഥാനത്തൊഴിലാളിയുടെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശുചീകരണത്തൊഴിലാളി സുരേഷിന് നഗരസഭാ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. നഗരസഭയെ അറിയിക്കാതെ അന്യസംസ്ഥാനത്തൊഴിലാളികളെ ആർ.ആർ.എഫ് സെന്ററിൽ താമസിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോസ്ഥർക്കും നോട്ടീസ് നൽകി.
അന്യസംസ്ഥാനത്തൊഴിലാളി സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച ശുചീകരണത്തൊഴിലാളിയുടെ സുഹൃത്തിനെ രക്ഷിക്കാൻ ഒത്തുകളിച്ച നഗരസഭാ ഭരണാധികാരികൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണം.
-ഇ.എസ്. സാബു, വി.എം. ജോണി, പി.വി. രമണൻ, സേവ്യർ പങ്കത്ത്
(കോൺഗ്രസ്)
നഗരസഭയുടെ അനുമതിയില്ലാതെയാണ് ആർ.ആർ.എഫ് സെന്ററിൽ അന്യസംസ്ഥാനത്തൊഴിലാളികളെ താമസിപ്പിച്ചത്. അനിഷ്ട സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ചെയർപേഴ്‌സൺ നടപടി സ്വീകരിച്ചു.
- നഗരസഭാ അധികൃതർ.