
തൃശൂർ: അടുത്ത പൂരത്തിന് ഒരുക്കം ആരംഭിക്കാനിരിക്കേ, കഴിഞ്ഞപൂരം കൊളുത്തിയ വിവാദത്തിരി ആളിക്കത്തുന്നു. എ.ഡി.ജി.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾക്കെതിരെ വിമർശനമുണ്ടെങ്കിലും മുൻ കമ്മിഷണർ അങ്കിത് അശോകനെ മാത്രം പ്രതിക്കൂട്ടിൽ നിറുത്തിയാണ് അവസാനിക്കുന്നത്. ഭരണ മുന്നണിയിലെ രണ്ടാം കക്ഷി സി.പി.ഐയും കോൺഗ്രസും മറ്റ് പാർട്ടികളും ഉയർത്തിയ ആരോപണങ്ങളിന്മേൽ ഒരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നതാണ് പ്രധാന ആക്ഷേപം. റിപ്പോർട്ട് വിലയിരുത്തിയുള്ള സർക്കാർ തീരുമാനം പിന്നീടേ ഉണ്ടാകൂ. എന്നാൽ പുറത്തുവന്ന വിവരങ്ങളെ പാടേ തള്ളുകയാണ് ഇടത് ഘടക കക്ഷിയായ സി.പി.ഐയും പ്രതിപക്ഷത്തെ കോൺഗ്രസും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃശൂർ പൂരം ചടങ്ങുകൾ പാതിവഴിയിൽ നിറുത്തിയത് തിരഞ്ഞെടുപ്പിനെ വരെ ബാധിച്ചെന്നാണ് മുന്നണികൾ വിലയിരുത്തുന്നത്. പൂരപ്രേമികൾ വൈകാരികമായി കാണുന്ന ഉത്സവത്തെ തകർത്തതിൽ രാഷ്ട്രീയ അട്ടിമറി മണത്തവരിൽ സി.പി.ഐ സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാറും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരനും ഒരേപോലെയുണ്ടായിരുന്നു. പൂരം പ്രശ്‌നം നടക്കുമ്പോൾ അജിത് കുമാറടക്കം നാല് ഐ.പി.എസ്. ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിട്ടും എത്താതിരുന്നത് ദുരൂഹമാണെന്നാണ് സി.പി.ഐയുടെ ഉൾപ്പെടെ ആരോപണം. തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി അട്ടിമറി വിജയം നേടിയതും ഇരുമുന്നണികൾക്കും തിരിച്ചടിയായി.
റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ല. കാണാതെ പ്രതികരിക്കാനാവില്ലെന്നാണ് ഇപ്പോഴും പറയാനുള്ളത്. പൂരം കലക്കിയതിന് പിന്നിൽ ആസൂത്രണമുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. 1200 പേജുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്.
വി.എസ്.സുനിൽകുമാർ
പൂരം വിവാദത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അതിന്റെ നടപടി ക്രമം അനുസരിച്ച് മുന്നോട്ടുപോകും
എ.വിജയരാഘവൻ
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം
മുൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരെ നടപടിയെടുക്കുക എന്നത് മാത്രമല്ല കാര്യം, പൂരം എങ്ങനെ നടത്തണമെന്ന കാര്യങ്ങൾക്കായി ആലോചനകൾ വേണം
ജി.രാജേഷ്
സെക്രട്ടറി
പാമേക്കാവ് ദേവസ്വം
ഗൂഢാലോചന നടന്നിട്ടുണ്ട്. പൂരദിവസം 12 മണി വരെയാണ് പ്രദർശനഗരിയിൽ ടിക്കറ്റ് നൽകുക. ഇത്, പത്തുമണിയോടെ അടച്ച് ഇനി ആരും കയറേണ്ടതില്ലെന്ന് പറഞ്ഞു. പൂരപ്പറമ്പിൽ ആനകൾ വന്ന് നിൽക്കുമ്പോഴാണ് ആനകളെ പരിശോധിക്കണമെന്ന നിർദ്ദേശം വരുന്നത്.
കെ.ഗിരീഷ്
സെക്രട്ടറി
തിരുവമ്പാടി ദേവസ്വം.
പൂരം അലങ്കോലമാക്കിയതിന്റെ കുറ്റം പൊലീസിൽ ചാർത്തി ഇടത് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് റിപ്പോർട്ടെന്ന് സംശയിക്കുന്നു. പൂരം കലക്കിയത് ഇടതുപക്ഷത്തിന്റെ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണ്. മന്ത്രിമാരായ രാജനും, കെ.രാധാകൃഷ്ണനും, ബിന്ദുവും, സി.പി.ഐ നേതാവ് സുനിൽ കുമാറും ഈ ഗൂഢാലോചനയിൽ പങ്കാളികളാണ്.
അഡ്വ.കെ.കെ.അനീഷ് കുമാർ
ജില്ലാ പ്രസിഡന്റ്
ബി.ജെ.പി