പുതുക്കാട് : ഓട്ടുകമ്പനി തൊഴിലാളികളുടെ ബോണസ് നിശ്ചയിച്ചു നൽകാൻ തയ്യാറാകാത്ത ഉടമകളുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ ഓട്ടു കമ്പനി തൊഴിലാളികൾ 25ന് സൂചനാ പണിമുടക്ക് നടത്തും. രാവിലെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചിറ്റിശ്ശേരി, തൃശൂർ, പൂച്ചിന്നിപ്പാടം, നന്തിക്കര എന്നീ മേഖലകളിൽ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും.
ചിറ്റിശ്ശേരിയിൽ തൃശൂർ ജില്ലാ ഓട്ടുകമ്പനി തൊഴിലാളി യൂണിയൻ സി. ഐ.ടി.യു സെക്രട്ടറി എ.വി. ചന്ദ്രൻ, പൂച്ചിന്നിപ്പാടത്ത് ജില്ലാ ഓട്ടുകമ്പനി തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി സെക്രട്ടറി പി .ജി മോഹനൻ, നന്തിക്കരയിൽ തൃശൂർ ഡിസ്ട്രിക്ട് നാഷണൽ ടൈൽ വർക്കേഴ്‌സ് യൂണിയൻ ഐ.എൻ.ടി.യു.സി സെക്രട്ടറി ആന്റണി കുറ്റൂക്കാരൻ, തൃശൂരിൽ ജില്ലാ ഓട് കളിമൺ വ്യവസായ മസ്ദൂർ സംഘ് ബി.എം.എസ് സെക്രട്ടറി പി. ഗോപിനാഥൻ എന്നിവർ പ്രതിഷേധ യോഗങ്ങൾ ഉദ്ഘാടനം ചെയ്യും. എൻ .എൻ ദിവാകരൻ, പി .കെ പുഷ്പാകരൻ, കെ .എം അക്ബർ, സി . ഒ ആന്റോ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.