തൃശൂർ: കോർപറേഷൻ പരിധിയിലെ 231 ഭൂരഹിത ഭവന രഹിതർ ഭൂമിയുടെ അവകാശികളായി. ഇന്നലെ ഉച്ചയ്ക്ക് മാറ്റാംപുറത്ത് നടന്ന ചടങ്ങിൽ കൈവശ രേഖകൾ മുഖ്യമന്ത്രി കൈമാറിയതോടെയാണ് സ്വന്തം ഭൂമിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടത്. ലൈഫ് മിഷന്റെ ഭാഗമായി മാറ്റാംപുറത്തുള്ള കോർപറേഷന്റെ സ്വന്തം ഭൂമിയിൽ നിന്നും മൂന്ന് സെന്റ് ഭൂമിയുടെ കൈവശാവകാശമാണ് 231 ഭൂരഹിത ഭവന രഹിതർക്ക് നൽകിയത്.
100 വർഷത്തിലേറെ പാരമ്പര്യമുള്ള കോർപറേഷന്റെ ചരിത്രത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഒരു സ്വപ്‌ന പദ്ധതിയാണിത്. ആറ് പേർക്കാണ് മുഖ്യമന്ത്രി രേഖകൾ സദസിൽ വച്ച് കൈമാറിയത്. 2017ൽ സംസ്ഥാന സർക്കാരും കോർപറേഷൻ കൗൺസിലും അംഗീകരിച്ച ഭൂരഹിത ഭവനരഹിതരായ 231 പേർക്കാണ് ഇവിടെ ഭൂമി നൽകുക.
മുനിസിപ്പൽ കോർപറേഷനിലെ ഭൂമിയുള്ള ഭവനരഹിതർക്കായി നടപ്പിലാക്കുന്ന പി.എം.എ.വൈ അർബൻ ലൈഫ് ഭവന പദ്ധതിയിലൂടെ 10 വിശദ പദ്ധതി രേഖകളിലായി 2403 ഗുണഭോക്താക്കളുണ്ടായിരുന്നു. ഇതിൽ 1860 ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം പൂർത്തീകരിച്ചു. ബാക്കിയുള്ള 543 പേരുടെ ഭവന നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്.
2017ൽ പ്രസിദ്ധീകരിച്ച ഭൂരഹിത ഭവനരഹിത പട്ടികയിലെ 600 ഗുണഭോക്താക്കളിൽ പട്ടികജാതി ഒഴികെയുള്ള 231 ഗുണഭോക്താക്കൾക്ക് കോർപറേഷൻ വാങ്ങിയ മാടക്കത്തറ പഞ്ചായത്തിലെ മാറ്റാംപുറത്തുള്ള 16.50 ഏക്കർ സ്ഥലത്ത് 3 സെന്റ് വീതം കൈവശാവകാശം നൽകിയാണ് അനുവദിച്ചത്. ചടങ്ങിൽ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി.
മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ജില്ലാ ലൈഫ് മിഷൻ കോ- ഓർഡിനേറ്റർ പി. ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ, വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മ റോബ്‌സൺ, അഡ്വ. സി.ടി. ജോഫി എന്നിവർ പങ്കെടുത്തു.
പ്രതിപക്ഷം വിട്ടു നിന്നു
മാറ്റാംപുറത്ത് ഭൂരഹിതർക്ക് കൈവശ രേഖ നൽകുന്ന മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടു നിന്നു. കോൺഗ്രസും ബി.ജെ.പിയും ചടങ്ങ് ബഹിഷ്‌കരിച്ചു. കേന്ദ്രമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയിരുന്നെങ്കിലും ചടങ്ങിന് എത്തിയില്ല.