വടക്കാഞ്ചേരി : ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട് നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട വിശദ പദ്ധതി രേഖ നഗരസഭാ അധികൃതർ വിതരണം ചെയ്യാത്തതിനെതിരെ നടന്ന പ്രതിഷേധത്തിൽ കൗൺസിൽ യോഗം അലങ്കോലമായി. കൗൺസിലർ സന്ധ്യ കൊടക്കാടത്ത് ഡി.പി.ആർ ആവശ്യപ്പെട്ടതോടെ ബഹളം ആരംഭിച്ചു. പ്രതിപക്ഷ നിലപാട് വികസനം തകർക്കുന്നതാണെന്ന് ആരോപിച്ച നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ ഗ്രൗണ്ട് നിർമ്മാണവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചു. യോഗം നടത്തിക്കൊണ്ടു പോകാൻ കഴിയാതായതോടെ അജണ്ടകൾ പാസായതായി പ്രഖ്യാപിച്ച് യോഗം പിരിച്ചുവിട്ടു. സി.പി.എം തീരുമാനം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഗ്രൗണ്ടിന് ചുറ്റുമുള്ള വീടുകളെ പ്രളയത്തിലാഴ്ത്താനുള്ള നീക്കവുമായി മുന്നോട്ട് പോയാൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് കൗൺസിലർമാർ വ്യക്തമാക്കി.

ക്രിക്കറ്റ് കളിച്ച് പ്രതിഷേധം


ഗ്രൗണ്ട് പരിസരവാസികളെ ദ്രോഹിക്കാതെ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ചു. അഖിലേന്ത്യാ സെക്രട്ടറി പി.എൻ.വൈശാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസൻ അദ്ധ്യക്ഷനായി. സന്ധ്യ കൊടക്കാടത്ത്, അനീഷ് കണ്ടംമാട്ടിൽ, മുസ്തഫ അള്ളന്നൂർ, അനീഷ് അകംപാടം, നിഹാൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.