തൃശൂർ: അസംസ്‌കൃത പാംഓയിലിന്റെയും സൂര്യകാന്തി എണ്ണയുടെയും കസ്റ്റംസ് തീരുവ 22 ശതമാനമാക്കിയത് ദോഷമാകുമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ കേരള. നേരത്തെ 5.5 ശതമാനമായിരുന്നതാണ് കാർഷിക സെസും സാമൂഹികക്ഷേമ സർചാർജും സഹിതം 27.5 ശതമാനമാക്കിയത്. അൺ റിഫൈൻഡ് ഓയിലുകൾക്ക് ഇറക്കുമതി തീരുവ 12.05 ശതമാനത്തിൽ നിന്ന് 37.05 ശതമാനമാക്കിയിട്ടുണ്ട്. നികുതി വർദ്ധനവ് ഭക്ഷ്യവസ്തുക്കളുടെ വിലവർദ്ധനവിന് കാരണമാകും. കർഷകരെ സംരക്ഷിക്കാനെന്ന പേരിലുള്ള നികുതി പരിഷ്‌കാരത്തിൽ സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നത്. അതിനാൽ വില നിയന്ത്രണത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബേക്ക് സംസ്ഥാന പ്രസിഡന്റ് കിരൺ എസ്. പാലക്കൽ, ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ എന്നിവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബേക്ക് വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, ട്രഷറർ സി.പി. പ്രേംരാജ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അഷറഫ് നല്ലളം എന്നിവരും പങ്കെടുത്തു.