ചെറുതുരുത്തി: ഒരു മാസം മുമ്പ് കരകവിഞ്ഞൊഴുകിയ ഭാരതപ്പുഴ മഴ കുറഞ്ഞതോടെ വരൾച്ചയിലേക്ക്. പുഴയിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. മഴ പെയ്തില്ലെങ്കിൽ അവശേഷിക്കുന്ന വെള്ളം അതിവേഗം വറ്റി വരണ്ട് പമ്പ് ഹൗസിലേക്കുള്ള ജല ലഭ്യതയും കുറയും. ഇതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകും. തടയണയുടെ ഷട്ടറുകൾ താഴ്ത്തി വെള്ളം കെട്ടിനിർത്തിയില്ലെങ്കിൽ വലിയ വരൾച്ച നേരിടേണ്ടി വരുമെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം മുമ്പ് മഴ ശക്തമായതോടെ പ്രളയം മുന്നിൽക്കണ്ടാണ് മുൻകരുതലായി തടയണയുടെ ഷട്ടറുകൾ തുറന്നത്. ഇതോടെ ഭാരതപ്പുഴയിൽനിന്ന് കരയിലേക്ക് അതിവേഗം വെള്ളം കയറുന്നത് നിയന്ത്രിച്ചിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ പുഴ വീണ്ടും മണൽപ്പരപ്പായി മാറുകയാണ്.
ഈ വർഷത്തെ മഴയിൽ ധാരാളം മണലുകൾ ഒഴുകിവന്ന് തടയണയുടെ മുക്കാൽ ഭാഗവും മൂടിയ നിലയിലാണ്. പരിസരപ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിന് സ്ഥാപിച്ച കിണറുകളും കാണാൻ കഴിയാത്ത അവസ്ഥയാണ്. പുഴയിലെ ആവശ്യത്തിലധികമുള്ള മണലുകൾ നീക്കം ചെയ്യണമെന്നും തടയണയുടെ ഷട്ടറുകൾ അടച്ച് ഒഴുകിപ്പോകുന്ന ജലം സംഭരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ചോർച്ചയുള്ള ചെറുതുരുത്തി തടയണയുടെ ഷട്ടറുകൾ മാറ്റി പുതിയ ഷട്ടറുകൾ സ്ഥാപിച്ച് കൂടുതൽ ദൂരം വെള്ളം സംഭരിക്കണെമെന്ന ആവശ്യം ശക്തമാണ്............
രണ്ടുമാസം മുമ്പ് കരകവിഞ്ഞു
രണ്ടുമാസം മുമ്പ് പെയ്ത ശക്തമായ മഴയിൽ ഭാരതപ്പുഴ കരകവിഞ്ഞിരുന്നു. പുഴയോരത്തുള്ള പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുകയും പുഴയിൽ ഇറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഭാരതപ്പുഴയുടെ സമാന്തരമായുള്ള നമ്പറം റോഡ് ഒലിച്ചു പോയതോടെ ഗതാഗതം നിലച്ചു. ചെറുതുരുത്തിയേയും ഷൊർണൂരിനെയും ബന്ധിപ്പിക്കുന്ന പഴയ കൊച്ചിൻ പാലത്തിന്റെ ഒരു തൂണും ഒരു സ്പാനും മഴയിൽ ഒലിച്ച് പോയിരുന്നു. എന്നാൽ രണ്ടു മാസത്തിന് ശേഷം ഭാരതപ്പുഴയിലെ പെട്ടെന്നുള്ള വരൾച്ചയിൽ നാട്ടുകാർ ആശങ്കയിലാണ്.