mali-
പഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രൻ മാലിന്യ കവർ പരിശോധിക്കുന്നു

കുന്നംകുളം: പാതയോരത്ത് മാലിന്യം തള്ളിയ സംഭവത്തിൽ കർശന നടപടിയുമായി കടവല്ലൂർ പഞ്ചായത്ത്. തൃശൂർ-മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്തിന്റെ പാതയോരത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രൻ സ്ഥലത്തെത്തിയിരുന്നു. മാലിന്യത്തിൽനിന്ന് വിലാസം കണ്ടെത്തി മാലിന്യം നീക്കാനുള്ള നടപടി ആരംഭിച്ചു. പിഴയും തുടർന്ന് ആവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മേഖലയിൽ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും തള്ളുന്നത് പതിവാണ്. മാസങ്ങൾക്ക് മുൻപ് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും ഈ ക്യാമറ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. മാലിന്യം തള്ളുന്നത് മൂലം തെരുവു നായ ശല്യവും രൂക്ഷമാണ്. പഞ്ചായത്ത് അധികൃതരും പൊലീസും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.