ചേലക്കര: നാട്ടാരെ, ഞായറാഴ്ചയാണ് ഫൈനൽ... ചേലക്കരക്കാരുടെ സ്വന്തം തലമപ്പന്തുകളിയുടെ കലാശപ്പോരാട്ടം. കളക്‌ഷൻ ബോയ്‌സ് പത്തുകുടി ചിപ്പാറയും എൻ.സി യുണൈറ്റഡ് നാട്യൻചിറയും തമ്മിലാണ് മത്സരം. നാട്ടുകാരും ആവേശത്തിമർപ്പിലാണ്.
ഓണക്കാലമെത്തുമ്പോൾ ചേലക്കരക്കാരുടെ മാത്രം ഇഷ്ട കായിക വിനോദമാണ് തലമ. കളി ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും ആയിരങ്ങൾ മൈതാനത്തെത്തും. കൈകൊണ്ടും കാലുകൊണ്ടും പന്തിനെ തട്ടാവുന്ന തലമ മത്സരം പത്തുകൂടി നെഹ്റു ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബാണ് സംഘടിപ്പിക്കുന്നത്.
ചേലക്കരയിലെ തലമക്കളിക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്നു. നിരവധി ടീമുകളെ പങ്കെടുപ്പിച്ച് ഓണത്തിന് പത്തു ദിവസം മുൻപേ തുടങ്ങിയ ടൂർണമെന്റിൽ ആര് കപ്പ് നേടുമെന്ന ആകാംക്ഷയിലാണ് കളിപ്രേമികൾ.
ഒരു ടീമിൽ ഏഴുപേരുണ്ടാകും. പകരക്കാരാകാൻ രണ്ട് കളിക്കാർ റിസർവ് ബെഞ്ചിലുമുണ്ടാകും. മൂന്ന് റഫറിമാരാണ് കളി നിയന്ത്രിക്കുക. പ്രധാന റഫറിക്കൊപ്പമുള്ള സഹായിയാകും തത്സമയ വിവരം കാണികളെ അറിയിക്കുക.
തലമ, ഒറ്റ, എട, തൊടമ, പിടിച്ചാൽ, കാക്കോടി, മാഴി എന്നിങ്ങനെ ഏഴുഘട്ടങ്ങളിലായാണ് മത്സരം. തലമ മുതൽ ഓടി വരെയുള്ള ഓരോ ഘട്ടവും പുറത്താകാതെ മൂന്നുവീതം കളിക്കും. പന്ത് കളിക്കളത്തിന് പുറത്ത് പോകുകയോ പന്തിനെ അടിക്കാൻ സാധിക്കാതെ വരികയോ ചെയ്താൽ 'പട്ടം' എന്ന കുറ്റിയെ ലക്ഷ്യമാക്കി പന്ത് കൊണ്ട് എറിഞ്ഞുവീഴ്ത്തി കളിക്കുന്നയാളുടെ മത്സരഘട്ടം അവസാനിപ്പിക്കാനാകും.
അല്ലെങ്കിൽ ഏഴുഘട്ടങ്ങളിലെ മത്സരത്തിൽ ഓരോ ഘട്ടവും ഒരേ കളിക്കാരന് കളിച്ച് മുന്നിലെത്താൻ സാധിക്കും. ജയിക്കുന്ന ടീം, എതിർ ടീമിനെതിരെ 'പട്ടം' വച്ചതായും നിശ്ചിത സമയത്തിനകം കൂടുതൽ പട്ടം വയ്ക്കുന്ന ടീം വിജയിച്ചതായും റഫറി പ്രഖ്യാപിക്കും.
ചകിരിനാര് മൃഗത്തോലിൽ പൊതിഞ്ഞ് പ്രത്യേകതരം നൂൽ ഉപയോഗിച്ച് തുന്നിച്ചേർത്താണ് പന്ത് നിർമിക്കുന്നത്. 16 ഇഞ്ച് വ്യാസവും 320 ഗ്രാം തൂക്കവുമുള്ള പന്തിന് ഒരു പൊതിച്ച വലിയ നാളികേരത്തിന്റ വലിപ്പമുണ്ടാകും.