കൊടുങ്ങല്ലൂർ: ജലജീവികളുടെ ഭക്ഷ്യ ഉറവിടമായ പ്ലവകങ്ങൾ കടലിൽ കുറഞ്ഞതോടെ ചാളയ്ക്ക് പിറകെ മാന്തളും ദുർലഭം. മുൻ വർഷങ്ങളിൽ ട്രോളിംഗ് നിരോധന ശേഷം മത്സ്യത്തൊഴിലാളികൾക്ക് ചാളയും മാന്തളും മറ്റു മത്സ്യങ്ങളും ധാരളമായി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവയിൽ പലതുമില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു.
മത്സ്യലഭ്യത കുറയുന്നതിൽ മത്സ്യത്തൊഴിലാളികൾ വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നാണ് പ്ലവകങ്ങൾ കുറയുന്നതത്രെ. മില്ലിമീറ്ററുകൾ മാത്രം വലുപ്പമുള്ള ഈ ജീവികളാണ് സമുദ്രത്തിന്റെ ജൈവ ആവാസവ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്നത്. പ്ലവകങ്ങൾ കുറഞ്ഞതും കടൽ വെള്ളത്തിൽ രാസവസ്തുക്കൾ കലരുന്നതുമാണ് മത്സ്യങ്ങളുടെ കുറവിന് കാരണം.
പെയർ പെലാജിക് വല ഉപയോഗിച്ചുള്ള നിയമ ലംഘന മത്സ്യബന്ധനവും മത്സ്യസമ്പത്തിന് ദോഷമാകുന്നുണ്ട്. മത്സ്യങ്ങളുടെ പ്രത്യുൽപാദനത്തെയാണ് പെലാജിക് വല ദോഷകരമാക്കുക.
ചാള തമിഴ്നാട്ടിൽ നിന്ന്
പ്ലവകങ്ങളുടെ അഭാവത്താൽ ചാളയും മത്സ്യങ്ങളും തീറ്റ തേടി തമിഴ്‌നാട് ഭാഗങ്ങളിലേക്കും മറ്റും പോയെന്നാണ് നിഗമനം. നാട്ടിലെ മീൻ തട്ടുകളിലെ ചാളകൾ അധികവും തമിഴ്‌നാട്ടിൽ നിന്നും എത്തുന്നതാണ്. ഈ ചാളയ്ക്ക് രുചിയും തീരെ കുറവാണ്. ചെളിയുള്ള ജൈവാവസ്ഥയിൽ വളരാത്തതാണ് തമിഴ്‌നാട് ചാളക്ക് രൂചി കുറയാൻ കാരണം.
മത്സ്യങ്ങളുടെ ഭക്ഷ്യ ഉറവിടമായ പ്ലവകങ്ങൾ കാലവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് നശിക്കുന്നത്. വലുതും ചെറുതുമായ ജലജീവികളുടെ നിർണായക ഭക്ഷ്യ ഉറവിടമാണ് പ്ലവകങ്ങൾ. പ്ലവകങ്ങൾ കൂടിവരുമ്പോൾ ആ ഭാഗത്തേക്ക് മത്സ്യക്കൂട്ടങ്ങൾ ഇര തേടി എത്തുന്നതാണ് ചാകരയുടെ ഉത്ഭവത്തിന് വഴിയൊരുക്കുന്നത്.
- ഡോ. അഖില മോൾ, മത്സ്യ ഗവേഷക