തൃശൂർ: പൂരം വിവാദത്തിൽ മറുപടി പൂരപ്പറമ്പിൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൂരവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെയും വാർത്തകളെയും മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചു. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ നൽകിയ റിപ്പോർട്ടിൽ മുൻ കമ്മിഷണർ അങ്കിത് അശോകന്റെ പിടിപ്പു കേടെന്ന് മാത്രമാണ് പുറത്തുവരുന്ന വാർത്തകളെന്നായിരുന്നു വിമർശനം. റിപ്പോർട്ട് പുറത്ത് വരുംമുൻപേ വാർത്തകൾ പ്രചരിപ്പിക്കുന്നതിലുള്ള ഇഷ്ടക്കേട് മുഖ്യമന്ത്രി പ്രകടിപ്പിച്ചു.
വാർത്തകൾ പ്രചരിപ്പിക്കുന്നവരെ ശക്തമായ ഭാഷയിലായിരുന്നു വിമർശിച്ചത്. സമർപ്പിച്ചയുടൻ റിപ്പോർട്ട് തള്ളി സി.പി.ഐയും കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണെങ്കിൽ അംഗീകരിക്കില്ലെന്നായിരുന്നു സി.പി.ഐ വാദം. മന്ത്രി കെ. രാജൻ വരെ റിപ്പോർട്ടിലെ യഥാർത്ഥ വസ്തുത അറിയുംമുൻപേ പ്രതികരിച്ചവരിൽപ്പെടും. ഇതിനെല്ലാം ചേർന്ന മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായതെന്നാണ് വിലയിരുത്തൽ.
പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണമാണ് കെ. മുരളീധരൻ ആവശ്യപ്പെട്ടത്. മന്ത്രി കെ. രാജനും അന്നത്തെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും വി.എസ്. സുനിൽ കുമാറും ചേർന്നാണ് പൂരം അട്ടിമറിച്ചതെന്നാണ് ബി.ജെ.പി ആരോപണം.
റിപ്പോർട്ടിൽ കുറ്റക്കാർ വേറെയുണ്ടോ ?
പൂരം അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായതായി മുഖ്യമന്ത്രി സമ്മതിക്കുകയും പ്രചരിക്കുന്നതല്ല റിപ്പോർട്ടിൽ വരുന്നതെങ്കിലോ എന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തതോടെ അട്ടിമറിക്ക് പിന്നിൽ ഒന്നിൽ കൂടുതൽ പേരുണ്ടോയെന്ന സംശയം ബലപ്പെടുന്നു. എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്ന അങ്കിത് അശോകനെതിരെ നടപടിക്ക് വരെ ശുപാർശ ചെയ്തിട്ടില്ലെന്ന തരത്തിലാണ് ഉള്ളടക്കം എന്ന് പ്രചാരണമുണ്ട്.
ദേവസ്വം നിലപാടുകൾക്കെതിരെയും കടുത്ത വിമർശനമുണ്ടെന്നാണ് പ്രചരണം. അതേസമയം, പൂരം അലങ്കോലപ്പെട്ടതിൽ ഗൂഢാലോചനയുണ്ടായതായി ദേവസ്വങ്ങളും ആരോപിക്കുന്നുണ്ട്. പാറമേക്കാവ് ദേവസ്വം വനംവകുപ്പിനെയാണ് കുറ്റപ്പെടുത്തിയത്. ആർ.എസ്.എസുമായുള്ള രഹസ്യചർച്ചപ്രകാരം എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിയുടെ ദൂതനായി തൃശൂരിലെത്തി പൂരം അട്ടിമറിച്ചെന്നാണ് കോൺഗ്രസ് ആരോപണം. ഈ വിഷയത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കെ ഗോപുര നടയിൽ 28ന് പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്.