തൃശൂർ: സി.പി.എമ്മിന്റെ ശക്തി തെളിയിച്ച് അഴീക്കോടൻ ദിനത്തിൽ നടന്ന പ്രകടനവും പൊതുസമ്മേളനവും. ഇന്നലെ നടന്ന റെഡ് വളണ്ടിയർ മാർച്ചിലും പ്രകടനത്തിലും ആയിരക്കണക്കിന് പേർ അണിചേർന്നു. വടക്കെ സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ 1 7 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകരുണ്ടായി. പ്രകടനം തേക്കിൻകാട് മൈതാനിയിൽ സമാപിച്ചു. റെഡ് വളണ്ടിയർ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യുട്ട് സ്വീകരിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അദ്ധ്യക്ഷനായി. മന്ത്രി ആർ. ബിന്ദു, സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ, എം.എൽ.എമാരായ എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, എൻ.കെ. അക്ബർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി. അബ്ദുൾ ഖാദർ, പി.കെ. ഷാജൻ, യു.പി. ജോസഫ്, മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മേരി തോമസ്, ഉഷ പ്രഭുകുമാർ എന്നിവർ പങ്കെടുത്തു.
അഴീക്കോടൻ രാഘവൻ കുത്തേറ്റ് വീണ ചെട്ടിയങ്ങാടിയിലെ രക്തസാക്ഷിത്വ മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടന്നു. ജില്ലാ കമ്മിറ്റി ഓഫീസിലും ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളിലും അനുസ്മരണ ചടങ്ങുകൾ നടന്നു.