 
ഇരിങ്ങാലക്കുട : പ്രശസ്ത കൈകൊട്ടിക്കളി കലാചാര്യയായ ഗുരു അണിമംഗലത്ത് സാവിത്രി അന്തർജനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈകൊട്ടിക്കളി മഹാസംഗമം 'പുരാവൃത്തം' 19 മണിക്കൂർ 48 മിനുട്ട് നീണ്ടുനിന്ന അപൂർവമായ കൈകൊട്ടിക്കളി അവതരണത്തിലൂടെ യൂണിവേഴ്‌സൽ റിക്കാഡ് ഫോറത്തിന്റെ (യു.ആർ.എഫ് ) ലോക റെക്കാഡിൽ ഇടം നേടി. അപൂർവവും പ്രചാരത്തിൽ കുറവായിരിക്കുന്ന പാട്ടുകളെയും ഭഗവത് കീർത്ഥനകളെയും ഉൾപ്പെടുത്തി നടത്തിയ ഈ കൈകൊട്ടിക്കളി അവതരണത്തിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കൈകൊട്ടിക്കളി സംഘങ്ങൾ പങ്കാളികളായത് ശ്രദ്ധേയമായിരുന്നു. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് റെക്കാഡ് പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. 'പുരാവൃത്തം' മഹാസംഗമത്തിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചിരുന്നു. പ്രചാരത്തിൽ നിന്നും അകന്നുപോയ ഇത്രയധികം കൈകൊട്ടിക്കളി പാട്ടുകൾ വീണ്ടും അവതരിപ്പിക്കുകയും അവ ഭാവിയിലേക്കായി യൂട്യൂബിൽ രേഖപ്പെടുത്തുന്നതും വലിയൊരു സമർപ്പണമാണ് എന്ന് സംഘാടക സമിതി ചെയർപേഴ്‌സൺ സോണിയ ഗിരി അഭിപ്രായപ്പെട്ടു. സാവിത്രി അന്തർജനത്തിന് ശിഷ്യകൾ പൂമാലയും പൊന്നാടയും സമർപ്പിച്ചു. നാദോപാസന സെക്രട്ടറി പി. നന്ദകുമാർ സാവിത്രി ടീച്ചറെ പൊന്നാട അണിയിച്ചു.