rk1

 പ്രതികളെ സഹായിച്ച മൂന്നു പേർ കസ്റ്റഡിയിൽ

കയ്‌പമംഗലം/തൃശൂർ: അദ്ഭുത ശേഷിയുള്ള 'റൈസ്‌ പുള്ളറിന്റെ" പേരിൽ പണം തട്ടിച്ച തമിഴ്‌നാട് സ്വദേശിയെ മർദ്ദിച്ചുകൊന്ന് ആംബുലൻസിൽ തള്ളിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കോയമ്പത്തൂർ, കരുമത്താംപട്ടി സോമന്നൂരിൽ ചർച്ച് സ്ട്രീറ്റിൽ ആന്റണി രാജിന്റെ മകൻ ചാൾസ് ബെഞ്ചമിൻ എന്ന അരുണാണ് (45) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ക്വട്ടേഷൻ കൊടുത്ത കണ്ണൂർ അഴീക്കലിലുള്ള ഐസ് ഫാക്ടറി ഉടമ സാദിഖടക്കമുള്ള മൂന്ന് പ്രതികൾക്കായി തെരച്ചിൽ തുടങ്ങി.

അരുണിന്റെ സുഹൃത്ത് ആലപ്പുഴ ചെറിയനാട് വസുദേവ സദനത്തിൽ ശശാങ്കനും (44) മർദ്ദനമേറ്റു. ഇയാളെ കൊടുങ്ങല്ലൂരിൽ നിന്ന് പൊലീസ് കണ്ടെത്തിയതാണ് നിർണായകമായത്. ശശാങ്കൻ ചികിത്സയിലാണ്. പ്രതികൾക്ക് തൃശൂരിൽ വീടുൾപ്പെടെ സഹായമൊരുക്കിയ കൊടുങ്ങല്ലൂർ സ്വദേശി മുത്തു എന്ന ധനേഷുൾപ്പെടെ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. റൈസ് പുള്ളറിനായി സാദിഖ് നൽകിയ 10 ലക്ഷം രൂപ പലതവണ ആവശ്യപ്പെട്ടിട്ടും അരുൺ മടക്കി നൽകിയില്ല. തുടർന്ന് അരുണിനെയും ശശാങ്കനെയും സാദിഖും സംഘവും തൃശൂർ പാലിയേക്കര ടോൾ പ്ലാസയുടെ ഭാഗത്തേക്ക് തിങ്കളാഴ്ച രാവിലെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ ഇരുവരെയും കാറിൽ കല്ലൂരിലെ ആളൊഴിഞ്ഞ എസ്റ്റേറ്റിലെത്തിച്ച് വൈകിട്ട് മൂന്നര വരെ ബന്ദിയാക്കി മർദ്ദിച്ചു.

വൈകിട്ട് നാലോടെ കൊടുങ്ങല്ലൂർ അസ്മാബി കോളേജിന് സമീപമുള്ള ധനേഷിന്റെ വീട്ടിലെത്തിച്ചും മർദ്ദിച്ചു. ഇവിടെവച്ച് അരുൺ അത്യാസന്നനിലയിലായി. തുടർന്ന് ഇരുവരേയും കാറിൽ കയറ്റുന്നതിനിടെ ഓടി രക്ഷപ്പെട്ട ശശാങ്കൻ പ്രദേശത്തെ ആക്രിക്കടയിലൊളിച്ചു. ഇതിനിടെ അരുൺ മരിച്ചു.

 മൃതദേഹം വഴിയിൽ തള്ളാനും ശ്രമം

മൃതദേഹം വഴിയിൽ തള്ളാൻ ശ്രമിച്ചപ്പോൾ പ്രദേശവാസികൾ ശ്രദ്ധിച്ചു. തുടർന്നാണ് വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റെന്നു പറഞ്ഞ് ആംബുലൻസ് വിളിച്ചത്. മൃതദേഹം ആംബുലൻസിൽ കയറ്റിയ ശേഷം കാറിൽ പിന്തുടരാമെന്ന് ഡ്രൈവറോട് പറഞ്ഞ ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാരുടെ പരിശോധനയിലാണ് അരുൺ മരിച്ചെന്ന് മനസിലായത്. ശരീരത്തിലുടനീളം മർദ്ദനമേറ്റ പാടുണ്ട്. മൂക്കിന്റെ പാലവും തകർന്നിരുന്നു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജു, സി.ഐ ഷാജഹാൻ, എസ്.ഐ സൂരജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അദ്ഭുതശേഷിയുണ്ടെന്ന് തട്ടിപ്പുകാർ അവകാശപ്പെടുന്ന ചെമ്പുകുടമാണ് 'റൈസ് പുള്ളർ'. ഇറിഡിയം കോപ്പർ എന്ന ലോഹത്തിലാണ് നിർമ്മാണം. സാമ്പത്തിക നേട്ടത്തിന് ഇത് സഹായിക്കുമെന്നാണ് പ്രചാരണം.