തൃശൂർ: ഹൈക്കോടതി അനുമതിയില്ലാത്തതിനെത്തുടർന്ന് തുറക്കുംമുൻപേ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഡയാലിസിസ് കേന്ദ്രത്തിന് താഴ് വീണു. രണ്ട് ഡയാലിസിസ് യന്ത്രങ്ങൾ ഉൾപ്പെടെ സൗകര്യങ്ങളെല്ലാം ഒരുക്കിയ ശേഷമാണ് അടച്ചുപൂട്ടൽ.
കൊച്ചിൻ ദേവസ്വം ബോർഡും തിരുവനന്തപുരത്തെ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയും തൃശൂർ ദയ ആശുപത്രിയും സംയുക്തമായാണ് ദേവസ്വം ബോർഡ് പരിധിയിലെ നിർധന വൃക്കരോഗികൾക്കായി ശ്രീധന്വന്തരി സത്യസായി സൗജന്യ ഡയാലിസിസ് എന്ന പേരിൽ കേന്ദ്രം തുറന്നത്. പ്രവർത്തനത്തീയതി പ്രഖ്യാപിച്ച ശേഷമാണ് അടച്ചുപൂട്ടേണ്ടി വന്നത്.
കൊച്ചിൻ ദേവസ്വം ബോർഡ് മുമ്പാകെ സമർപ്പിക്കുന്ന രോഗികളുടെ അപേക്ഷകൾ പരിശോധിച്ച് ഡയാലിസിസിന് വിധേയമാക്കാൻ പൂർണ ആരോഗ്യവാനാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് ദയ ആശുപത്രിയായിരുന്നു. ഇതിനായി എതാനും മാസങ്ങൾക്ക് മുൻപ് രണ്ട് യന്ത്രങ്ങൾ റോട്ടറി ക്ലബ് സംഭാവനയായി നൽകി. സായിബാബ കേന്ദ്രം ഉൾപ്പെടെ വിവിധ സംഘടനകൾ നൽകിയ സ്‌പോൺസർമാർ വഴിയാണ് കേന്ദ്രം സജ്ജമാക്കിയത്.
18 പേർക്ക് നിത്യേന സൗജന്യമായി ഡയാലിസിസ് ചെയ്യാൻ സൗകര്യമുണ്ടായിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയിൽ പരാതി ലഭിച്ചത്. ദേവസ്വം നിയമപ്രകാരം കൊച്ചിൻ ദേവസ്വം ബോർഡിന് ഇത്തരം സ്ഥാപനം തുടങ്ങാൻ സാധിക്കില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. 20 ഓളം പേർ ഡയാലിസിസിനായി രജിസ്റ്റർ ചെയ്തിരുന്നു. പ്രവർത്തനം ആരംഭിക്കാനാകില്ലെന്ന് വ്യക്തമായതോടെ യന്ത്രങ്ങൾ റോട്ടറി ക്ലബ്ബിന് തന്നെ തിരിച്ചുനൽകി. പ്രവർത്തനങ്ങൾക്കായി ദേവസ്വം ബോർഡും ലക്ഷങ്ങൾ ചെലവഴിച്ചിരുന്നു.
യന്ത്രം ജനറൽ ആശുപത്രിയിലേക്ക്
ഡയാലിസിസ് കേന്ദ്രത്തിന് റോട്ടറി ക്ലബ് നൽകിയ യന്ത്രങ്ങൾ ദേവസ്വം ബോർഡ് തിരിച്ചുനൽകിയത് ജില്ലാ ജനറൽ ആശുപത്രിക്ക് കൈമാറി. ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കാമെന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോർഡ് ഡയാലിസിസ് കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്.
ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യം
രണ്ട് യന്ത്രങ്ങൾ കൂടി ജില്ലാ ജനറൽ ആശുപത്രിക്ക് കിട്ടുന്നതോടെ ഡയാലിസിസ് പ്രശ്‌നത്തിന് പരിഹാരമായേക്കും. കാലാവധി കഴിഞ്ഞ യന്ത്രങ്ങളുമായി മുടന്തിനീങ്ങുകയാണെന്ന് ആരോപിച്ച് അടുത്തിടെ രോഗികൾ പ്രതിഷേധിച്ചിരുന്നു. മുൻപ് ഉണ്ടായിരുന്ന നാല് യന്ത്രങ്ങളും ആശുപത്രി വികസന സമിതി ചേർന്ന് വാങ്ങിയ നാലും ഇപ്പോൾ റോട്ടറി ക്ലബ് കൈമാറിയ രണ്ട് യന്ത്രങ്ങളും കൂടിയാകുമ്പോൾ രോഗികൾക്ക് ആശ്വാസമാകും. യന്ത്രങ്ങൾ ഇടയ്ക്കിടെ പണിമുടക്കുന്നത് ഡയാലിസിസ് രോഗികൾക്ക് ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു. ഒരു ഷിഫ്റ്റ് കൂടി പ്രവർത്തനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ജില്ലാ ജനറൽ ആശുപത്രി അധികൃതർ.