ആളൂർ : ആളൂർ പഞ്ചായത്തിലെ കുട്ടികൾ ഇനി നീന്തലിൽ തോൽക്കില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണ അവധി ദിവസങ്ങളിൽ 10 ദിവസം മുടങ്ങാതെ കുട്ടികൾ പരിശീലിക്കുകയും സഹായമില്ലാതെ നീന്താൻ പ്രാപ്തരാവുകയും ചെയ്തു. പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലുള്ള 50 കുട്ടികൾക്ക് കല്ലേറ്റുംകര കേരള ഫീഡ്‌സിന് സമീപമുള്ള പന്തലച്ചിറയിലാണ് പരിശീലനം നൽകിയത്. മൂത്തേടത്ത് ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. എല്ലാ ദിവസവും കുട്ടികൾക്ക് പാലും കോഴിമുട്ടയും ഉൾപ്പെടെ പോഷകാഹാരങ്ങളും നൽകി. സമാപന യോഗത്തിൽ പ്രസിഡന്റ് കെ.ആർ. ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, ഓമന ജോർജ്, പി.സി. ഷണ്മുഖൻ, മേരി ഐസക്, ടി.വി. ഷാജു, കെ.ബി. സുനിൽ എന്നിവർ പങ്കെടുത്തു. പ്രവർത്തകരായ സന്ധ്യ സദു, വൃന്ദ അജയൻ എന്നിവർ മുടങ്ങാതെ ഹെൽത്ത് ഡിപ്പാർട്ടുമെന്റിന്റെ ഭാഗമായി സേവനം നൽകി.
പരിശീലനം 50 ഓളം കുട്ടികൾക്ക്
പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ 50 ഓളം കുട്ടികൾക്കാണ് പരിശീലനം നൽകിയത്. നീന്താൻ അറിയാത്ത എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കുക, ഇതുവഴി പഞ്ചായത്തിലെ കുട്ടികൾ 100 ശതമാനം ജലസാക്ഷരത കൈവരിക്കുക എന്ന മാതൃകാപരമായ ലക്ഷ്യമാണ് പദ്ധതിക്ക് പുറകിൽ.2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആളൂർ പഞ്ചായത്ത് പരിശീലനം സംഘടിപ്പിച്ചത്.
ക്രിസ്മസ് അവധിക്കാലത്ത് എല്ലാ കുട്ടികൾക്കും നീന്തൽ പഠിക്കുന്നതിന് വീണ്ടും അവസരമൊരുക്കും.
- കെ.ആർ. ജോജോ.
(ആളൂർ പഞ്ചായത്ത് പ്രസിഡന്റ്)